ടെഹ്‌റാൻ: തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകര സംഘടനയായ ഹിസ്ബുള്ള. നസ്രല്ലയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഭീകര സംഘടന സ്ഥിരീകരണവുമായി രംഗത്ത് എത്തിയത്. അതേസമയം ഇസ്രായേലാണോ നസ്രല്ലയെ വധിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഭീകര സംഘടന പുറത്തുവിട്ടിട്ടില്ല.
പ്രസ്താവനയിലൂടെയാണ് ഭീകര സംഘടന ഇക്കാര്യം അറിയിച്ചത്. നേരത്തെ വ്യോമാക്രമണത്തിൽ നസ്രല്ലയും മകളും കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മകളുടെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ നസ്രല്ലയുടെ മരണം സംബന്ധിച്ച വിവരങ്ങൾ അജ്ഞാതമായി തുടർന്നു.
മണിക്കൂറുകൾക്ക് ശേഷം ഹിസ്ബുള്ള നേതാവിനെ വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചത്. ഭീകര സംഘടനയെ തുടർച്ചയായ 32 വർഷം നയിച്ച നേതാവാണ് നസ്രല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം ഭീകര സംഘടനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബേയ്‌റൂട്ടിലെ ദഹീഹിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആണ് 64 കാരനായ നസ്രല്ലയെ വധിച്ചത്.
Discussion about this post