എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസ് എടുത്ത് പോലീസ്. ആലുവ സ്വദേശിനിയായ നടിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. നടിയ്‌ക്കെതിരെ ബാലചന്ദ്രമേനോൻ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് പോലീസ് നടപടി.
ആലുവ സ്വദേശിനിയായ നടിയും അഭിഭാഷകനും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബാലചന്ദ്ര മേനോന്റെ പരാതി. അദ്ദേഹത്തിനെതിരെ മൂന്ന് ലൈംഗികാരോപണങ്ങൾ ഉടനെ വരുമെന്നായിരുന്നു ഭീഷണി. നടിയും അഭിഭാഷകനും ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്.
ഈ മാസം 13 ന് നടന്റെ ഭാര്യയുടെ നമ്പറിലേക്ക് ആയിരുന്നു ഫോൺ കോൾ എത്തിയത്. ഇതിന് പിന്നാലെ നടി ബാലചന്ദ്രമേനോനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. പിന്നീട് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോൻ മോശമായി പെരുമാറി എന്ന തരത്തിൽ നടി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെ നടൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഈ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകൾക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ നടി പീഡനാരോപണം ഉന്നയിച്ചിരുന്നു. ഇതിൽ പോലീസ് കേസ് എടുക്കുകയും നടന്മാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രമേനോനെതിരെ പരാതിയുമായി നടി എത്തുന്നത്.
Discussion about this post