ചൂടുള്ള ഭക്ഷണം ചൂടോടെയും തണുപ്പുള്ള ഭക്ഷണം തണുപ്പോടെയും വയ്ക്കുന്ന പാത്രങ്ങളാണ് കാസറോളുകൾ. അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ആഹാരം സൂക്ഷിക്കാൻ നാം കാസറോളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കാസറോളുകളിൽ ഇത്തരത്തിൽ ആഹാരം സൂക്ഷിക്കുന്നത് നല്ലതാണോ?.
കൃത്യമായി അതിന്റെ ചിട്ടയോട് കൂടി സൂക്ഷിച്ചാൽ കാസറോളിലെ ഭക്ഷണം സുരക്ഷിതമാണ്. അല്ലെങ്കിൽ ഈ ശീലം നമ്മുടെ ആരോഗ്യത്തെ ബാധിക്കും. കാസറോൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
വെറുതെ സോപ്പ് മാത്രം ഇട്ട് തേച്ചാൽ കാസറോൾ വൃത്തിയാകില്ല. വൃത്തിയില്ലാത്ത പാത്രത്തിൽ ഭക്ഷണം ഇരുന്നാൽ അത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അതിനാൽ കാസറോളുകൾ വീര്യം കുറഞ്ഞ സോപ്പും ചൂട് വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. സ്‌ക്രബ്ബറുകൾക്ക് പകരം സ്‌പോഞ്ച് ഉപയോഗിക്കുകയാകും ഏറ്റവും ഉത്തമം.
ചൂടുള്ള ആഹാരം വയ്ക്കുന്നതിന് മുൻപ് ചൂടുള്ള വെള്ളത്തിലും തണുപ്പുള്ള ആഹാരം വയ്ക്കുന്നതിന് മുൻപ് തണുത്ത വെള്ളത്തിലും കഴുകുന്നത് നല്ലതായിരിക്കും. തിളച്ച വെള്ളത്തിൽ കാസറോൾ കഴുകരുത്. ദോശയും ചപ്പാത്തിയും ഉണ്ടാക്കുമ്പോൾ കാസറോൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വയ്ക്കുന്നവരാകും മിക്കവരും. എന്നാൽ ഇത് കാസറോൾ വേഗം കേടാകുന്നതിന് കാരണം ആകും. ചപ്പാത്തി, ഇഡ്ഡലി എന്നിവ തുണിയിൽ പൊതിഞ്ഞ ശേഷം കാസറോളുകളിൽ സൂക്ഷിക്കുന്നതാകും നല്ലത്.
Discussion about this post