തിരുവനന്തപുരം: അമ്പിളിക്ക് കൂട്ടായി മാനത്ത് എത്തിയ കുഞ്ഞമ്പിളി ദൃശ്യമായി തുടങ്ങി. മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കമായി. അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ മിനി മൂണ്‍.
അടുത്ത രണ്ട് മാസക്കാലത്തെ ചുറ്റൽ കഴിഞ്ഞ് നവംബർ 25-ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മടങ്ങുന്ന മിനി മൂൺ 2055-ൽ ഭൂമിക്കടുത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 57 ദിവസത്തേക്ക് മാത്രമേ ഈ കുഞ്ഞ് ചന്ദ്രൻ ഭൂമിയെ ചുറ്റുകയുള്ളൂ.
2024 PT5 എന്ന് പേരുള്ള ഛിന്നഗ്രഹത്തിന്റെ വലിപ്പം ഒരു സ്കൂൾ ബസിന്‍റെ അത്ര മാത്രമാണ്. കഴിഞ്ഞ ദിവസം ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഇവനെ ഭൂമിയുടെ ഗുരുത്വാകർഷണം ബലമായി പിടിച്ചെടുക്കുകയായിരുന്നു. നവംബർ അവസാനത്തോടെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തില്‍ നിന്ന് അകലുകയും അപ്രത്യക്ഷമാവുകയും ചെയ്യും.
വെറും 10 മീറ്റർ വ്യാസം മാത്രമാണ് ഈ ഇത്തിരിക്കുഞ്ഞനുള്ളത്. ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ കുഞ്ഞനാണ് 2024 പിടി5. ഈ ഛിന്നഗ്രഹത്തെ പ്രത്യേക ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാകില്ല. 1981ലും 2022ലുമാണ് സമാന മിനി മൂണ്‍ പ്രതിഭാസങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
Discussion about this post