നമ്മുടെ ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ മുഴുവൻ ഊർജ്ജവും ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കാകും വഴിവയ്ക്കുക. പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണം എന്നാണ് ചൊല്ല്.
നമ്മുടെ പ്രഭാത ഭക്ഷണത്തിൽ പ്രധാന സ്ഥാനമാണ് പുട്ടിനുള്ളത്. അതുകൊണ്ട് തന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നാം വീട്ടിൽ പുട്ടുണ്ടാക്കി കഴിക്കാറുണ്ട്. പുട്ടും കടലയും ആണ് പരക്കെ അറിയപ്പെടുന്ന കോമ്പിനേഷൻ എങ്കിലും മീൻ കറിവരെ പുട്ടിനൊപ്പം നാം കഴിക്കാറുണ്ട്. പുട്ടും കടലയും പോലെ തന്നെ മലയാളികളുടെ മറ്റൊരു പ്രിയപ്പെട്ട കോമ്പിനേഷൻ ആണ് പുട്ടും പഴവും. എന്നാൽ പ്രഭാത ഭക്ഷണമായി പുട്ടും പഴവും കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പുട്ടും പഴവും ചേർത്ത് കഴിച്ചാൽ അത് നമ്മുടെ ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. പുട്ടും പഴവും ദഹിക്കുന്നതിന് ഏകദേശം മൂന്ന് മണിക്കൂറോളം എടുക്കു. ഇത് നെഞ്ചെരിച്ചലിനും പുളിച്ച് തികട്ടലിനും കാരണം ആകും.
പുട്ടിൽ അന്നജത്തിന്റെ അളവ് കൂടുതലാണ്. പഴത്തിലും പഞ്ചസാരയുണ്ട്. അതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതിൽ വർദ്ധിക്കുന്നതിന് ഇത് ഇടയാക്കും. ഇത് നിയന്ത്രിക്കാൻ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടതായും ഉണ്ട്. ഇതും ഭാവിയിൽ ദോഷം ചെയ്‌തേയ്ക്കാം. അതിനാൽ പതിവായി ഈ കോമ്പിനേഷൻ കഴിക്കുന്നത് ഒഴിവാക്കുകയാകും ഉത്തമം. അതേസമയം പുട്ടിനൊപ്പം കടലയോ ചെറുപയറോ കഴിക്കാം.
Discussion about this post