തിരുവനന്തപുരം: മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെ ദി ഹിന്ദു പത്രത്തിന് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. മുഖ്യമന്ത്രിയുടെ പ്രതികരണം പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഒരു പ്രദേശത്തിന്റെ പേര് പോലും മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ല. തെറ്റായ വ്യാഖ്യാനങ്ങൾ വിവാദങ്ങൾക്ക് കാരണം ആയി എന്നും പ്രസ് സെക്രട്ടറി നൽകിയ കത്തിൽ പറയുന്നു.
മലപ്പുറത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോടിക്കണക്കിന് വിലമതിയ്ക്കുന്ന സ്വർണവും ഹവാല പണവും പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു പത്രം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഒരു ജില്ലയെ മാത്രം മുഖ്യമന്ത്രി മോശമായി ചിത്രീകരിച്ചുവെന്ന തരത്തിൽ വിവാദവും ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നൽകിയത്. മുസ്ലീം ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളും പി.വി അൻവർ എംഎൽഎയുമായിരുന്നു രൂക്ഷവിമർശനവുമായി രംഗത്ത് എത്തിയത്.
മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്നായിരുന്നു പ്രസ് സെക്രട്ടറി നൽകിയ കത്തിൽ പറയുന്നത്. മുഖ്യമന്ത്രി ഒരു സ്ഥലത്തെയോ പ്രദേശത്തെയോ പരാമർശിച്ചിട്ടില്ല. പത്രത്തിൽ അച്ചടിച്ച് വന്നത് സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ നിലപാടല്ല. അതിനാൽ ഇതിൽ തിരുത്ത് വേണം. വിവാദം അവസാനിപ്പിക്കാൻ ഇതിൽ വിശദീകരണം വേണം.
പോലീസിൽ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചില പരാമർശങ്ങൾ മുഖ്യമന്ത്രി നടത്തിയത്. കള്ളക്കടത്ത് സ്വർണവും പണവും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. പക്ഷെ അത് മലപ്പുറത്ത് മാത്രമാണ് എന്ന തരത്തിൽ പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post