ഇസ്ലാമാബാദ്: വിവാദ മതപ്രാസംഗികൻ സാക്കിർ നായിക്ക് പാകിസ്താനിൽ ഉജ്ജ്വല വരവേൽപ്പ്. ഇസ്ലാമാബാദിയിൽ എത്തിയ സാക്കിർ നായിക്കിനെ റെഡ് കാർപ്പറ്റ് ഒരുക്കിയായിരുന്നു പാകിസ്താൻ സ്വീകരിച്ചത്. സംഭവത്തിൽ പാകിസ്താനെതിരെ ശക്തമായ വിമർശനം ആണ് ഉയരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഒരു മാസത്തെ പാക് സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ആയിരുന്നു സാക്കിർ നായിക് പാകിസ്താനിൽ എത്തിയത്. ഒക്ടോബർ 28 വരെ ഇയാൾ പാകിസ്താനിൽ തുടരും. ഇസ്ലാമാബാദ് വിമാനത്താവളത്തിൽ എത്തിയ സാക്കിർ നായികിനെ പ്രധനമന്ത്രി യൂത്ത് പ്രോഗ്രാം ചെയർമാൻ റാണാ മഷ്ഹൂദ്, മതകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സയ്യിദ് അട്ടു ഉർ റഹ്‌മാൻ, പാർലമെന്ററി സെക്രട്ടറി ഷംഷീർ അലി മസരി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
വൈകീട്ടോടെ സാക്കിർ നായിക് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാൾ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്യും. വെള്ളിയാഴ്ച പ്രാർത്ഥനകളിലും ഇയാൾ പങ്കെടുക്കും.
ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, രാജ്യവിരുദ്ധ പ്രവർത്തനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നിരവധി കേസുകളാണ് സാക്കിർ നായിക്കിനെതിരെ രജിസ്റ്റർ ചെയ്യുന്നത്. എൻഐഎ തിരയുന്ന ഇയാൾ 2016 മുതൽ മലേഷ്യയിലാണ്. ഇയാളെ ഇന്ത്യയിൽ തിരികെയെത്തിക്കുന്നതിനായി എൻഐഎ അപേക്ഷ നൽകിയിരുന്നു. ഇതിനിടെയാണ് ഇയാൾ പാകിസ്താനിൽ എത്തിയിരിക്കുന്നത്.
Discussion about this post