കൊച്ചി; മലപ്പുറം പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ ദേശീയമാദ്ധ്യമമായ ദ ഹിന്ദു ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പിണറായി വിജയൻ എന്ന് വിളിച്ച നാവ് കൊണ്ട് പിആർ വിജയൻ എന്ന് മാറ്റി വിളിക്കേണ്ടി വന്നതിൽ ഒരു ഖേദവുമില്ല. ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു എന്ന് മാത്രം. പക്ഷേ താങ്കൾ ഇരുത്തി ചിന്തിക്കേണ്ട ചില സംഗതികൾ ഉണ്ടെന്ന് സന്ദീപ് വാചസ്പതി പറയുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖ ദിനപത്രത്തിന് പോലും പി.ആർ ഏജൻസി മുഖാന്തിരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥയെന്ന് അദ്ദേഹം ചോദിക്കുന്നു. ഉത്തമ ബോധ്യത്തോടെ പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും ഉമ്മാക്കി കാട്ടിയാൽ നിഷേധിക്കാൻ തക്ക വണ്ണം പിണറായി വിജയൻ പേടി തൊണ്ടനാണോയെന്നും സന്ദീപ് വാചസ്പതി പരിഹസിച്ചു.
അഞ്ചു വർഷത്തിനിടെ മലപ്പുറത്ത് നിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്’ എന്നായിരുന്നു പത്രത്തിൽ പ്രസിദ്ധീകരിച്ചത്. സംഭവം വലിയ രാഷ്ട്രീയ പ്രതിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായതിന് പിന്നാലെ, പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്ത് നൽകി. പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും ഇത് വിവാദങ്ങൾക്ക് ഇടയാക്കിയെന്നും കത്തിൽ പറഞ്ഞിരുന്നു, ഒരു സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പിന്നാലെ പത്രം വിശദീകരണവുമായി രംഗത്തെത്തി
മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പിആർ ഏജൻസിയാണെന്നും സ്വർണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളിൽ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹിന്ദു പറഞ്ഞു. അഭിമുഖം അരമണിക്കൂർ നീണ്ടു. മാദ്ധ്യമ ധാർമികതയ്ക്ക് നിരക്കാത്ത സംഭവമാണ് നടന്നത്. അതിൽ ഖേദിക്കുന്നു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശം തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞതാണെന്ന് പി ആർ ഏജൻസി പ്രതിനിധി വ്യക്തമാക്കിയിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.
സന്ദീപ് വാചസ്പതിയുടെ വാക്കുകൾ
പിണറായി വിജയൻ എന്ന് വിളിച്ച നാവ് കൊണ്ട് പിആർ വിജയൻ എന്ന് മാറ്റി വിളിക്കേണ്ടി വന്നതിൽ ഒരു ഖേദവുമില്ല. ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു എന്ന് മാത്രം. പക്ഷേ താങ്കൾ ഇരുത്തി ചിന്തിക്കേണ്ട ചില സംഗതികൾ ഉണ്ട്.
1. രാജ്യത്തെ ഏറ്റവും പ്രമുഖ ദിനപത്രത്തിന് പോലും പി.ആർ ഏജൻസി മുഖാന്തിരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥ?
2. എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം?.
താങ്കളുടെ ഓരോ അഭിമുഖത്തിനും ഓഫീസിലെ വിശ്വസ്തന്മാർക്ക് പി.ആർ ഏജൻസി കമ്മീഷൻ നൽകുന്നുണ്ടോ?
3. അഭിമുഖത്തിൽ താങ്കൾ പറയാത്ത കാര്യങ്ങൾ പത്രത്തിൽ അച്ചടിച്ചു വരണം എന്ന് ആരാണ് തീരുമാനിച്ചത്?
4. രണ്ട് ദിവസം മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലും ഇതേ കാര്യങ്ങൾ താങ്കൾ പറഞ്ഞിരുന്നു എന്ന വസ്തുത നിഷേധിക്കുന്നുണ്ടോ?
5. ഉത്തമ ബോധ്യത്തോടെ പറഞ്ഞ കാര്യങ്ങൾ ആരെങ്കിലും ഉമ്മാക്കി കാട്ടിയാൽ നിഷേധിക്കാൻ തക്ക വണ്ണം പിണറായി വിജയൻ പേടി തൊണ്ടനാണോ?
6. ഹിന്ദു ദിനപ്പത്രം ‘ ഇന്നലെ’ തന്നെ വിശദീകരണം നൽകിയിട്ടും താങ്കളുടെ പ്രസ് സെക്രട്ടറി ഹിന്ദു പത്രത്തോട് ‘ ഇന്ന് ‘ തിരുത്ത് ആവശ്യപ്പെട്ടത് എന്തിനാണ്?.
താങ്കൾക്ക് ഒരിക്കലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യം കൂടി….
യഥാർത്ഥത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ്?
ആരാണ് താങ്കളുടെ ഓഫീസ് ഭരിക്കുന്നത്?അതും ഏതെങ്കിലും കമ്പനിയെ ഏൽപ്പിച്ചോ?
Discussion about this post