ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലെത്തിയ യുവതിയുടെ വാനിറ്റി ബാഗിൽ നിന്നും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 26 ഐഫോൺ 16 പ്രോ മാക്സ്. ഹോങ്കോങിൽ നിന്നും ഡൽഹിയിലേക്ക് എത്തിയ യുവതിയിൽ നിന്നുമാണ് ഐഫോണുകൾ കണ്ടെത്തിയത്. ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ഫോണുകൾ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നത്.
ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 37 ലക്ഷം രൂപ വിലയുള്ള ഫോണുകളാണ് യുവതി അനധികൃതമായി കടത്താൻ ശ്രമിച്ചത്. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ യുവതിയെ പരിശോധിച്ചത്.
ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ സീരീസ് ആണ് ഐഫോൺ 16 പ്രോ മാക്സ്. 256ജിബി വേരിയൻറ് മോഡലിന് ഇന്ത്യൻ വിപണിയിൽ 1,44,900 രൂപമുതലാണ് വിലയുള്ളത്. എന്നാൽ ഹോങ്കോങ്ങിൽ ഇതേ മോഡലിന് 1,09,913 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ വിലയാണ് ഉള്ളത്. അതിനാൽ തന്നെ ഹോങ്കോങ്ങിൽ നിന്നും ഐഫോണുകൾ വാങ്ങി ഇന്ത്യയിൽ എത്തിച്ച് വിൽപ്പന നടത്തുമ്പോൾ 35,000 രൂപയോളം ലാഭമാണ് ഒരു ഫോണിന് ലഭിക്കുന്നത്.
Discussion about this post