ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിലേക്ക് അതി പ്രഹര ശേഷിയുള്ള യുദ്ധകപ്പലയച്ച് അമേരിക്ക. ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് അമേരിക്കയുടെ നിർണായക നീക്കം. ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് മേഖലയിൽ അമേരിക്ക കപ്പൽ വിന്യസിക്കുന്നത്. അമേരിക്കയുടെ രണ്ടാമത്തെ യുദ്ധ കപ്പലാണ് പ്രദേശത്ത് വിന്യസിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
അമേരിക്കൻ നേവിയുടെ എട്ടാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂ മാനാണ് പ്രദേശത്തുള്ളത്. ഇതിന് കൂട്ടായി യുഎസ്എസ് എബ്രഹാം ലിങ്കൻ എന്ന വിമാന വാഹിനി കപ്പലാണ് അയക്കുന്നത്. ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ കപ്പൽ പ്രദേശത്ത് തന്നെ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രതികരിച്ചു.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടെ ഇസ്രായേലിനെ പിന്തുണച്ചുകൊണ്ട് അമേരിക്ക രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ കപ്പൽ അയച്ചതിന് അതീവ ജാഗ്രതയോടെയാണ് ഇറാനും ലെബനനും കാണുന്നത്. ആണവായുധ വാഹകരായ വിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള അമേരിക്കയുടെ കപ്പലാണ് മിഡിൽ ഈസ്റ്റിന്റെ തീരത്ത് എത്തുന്നത്. മെഡിറ്ററേനിയൻ തീരത്തും കപ്പലിന്റെ നിരീക്ഷണം ഉണ്ടാകും.
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളിൽ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. എഫ്-35 യുദ്ധ വിമാനത്തെ വഹിക്കാൻ കഴിയുന്ന ഈ കപ്പൽ അമേരിക്കൻ നാവിക സേനയുടെ അഞ്ചാമത് നിമിറ്റ്‌സ് ക്ലാസിലാണ്‌പെടുന്നത്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ കപ്പൽ അറേബ്യൻ കടലിൽ നിരീക്ഷണം നടത്തുകയായിരുന്നു.
അമേരിക്ക- ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്നു. പിന്നീട് അഫ്ഗാൻ യുദ്ധത്തിന്റെ സമയത്ത് തിരിച്ചുവിളിക്കുകയായിരുന്നു.
Discussion about this post