ആലപ്പുഴ: ഒറ്റമശ്ശേരി തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം. രാവിലെയോടെയാണ് തീരത്ത് തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. തിമിംഗലത്തിന് ഏഴ് മീറ്ററോളം നീളമുണ്ട്.
രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. ഉടനെ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. കരയിൽ നിന്നും അൽപ്പം അകലെയായി വെള്ളത്തിൽ തന്നെയായിരുന്നു ജഡം. തീരദേശ പോലീസ് എത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികൾ തിമിംഗലത്തെ കരയിൽ എത്തിച്ചു. അസാമാന്യ വലിപ്പം ആയതിനാൽ വളരെ പാടുപെട്ടാണ് തിമിംഗലത്തെ കരയ്ക്ക് എത്തിച്ചത്.
ആദ്യം കയറിട്ട് കൊട്ടി വലിയ്ക്കുകയായിരുന്നു. ഇതിനിടെ കയർ പൊട്ടിപ്പോയി. വീണ്ടും സമാന ശ്രമം നടത്തിയെങ്കിലും രണ്ടാമതും കയർപൊട്ടി. മൂന്നാമത്തെ ശ്രമത്തിലാണ് തിമിംലഗത്തെ കരയ്‌ക്കെത്തിച്ചത്. വിവരം അറിഞ്ഞ് വെറ്റിനറി ഡോക്ടർമാർ സ്ഥലത്ത് എത്തി പോസ്റ്റ്‌മോർട്ടം നടത്തി. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തിമിംഗലം കരയ്ക്കടിഞ്ഞതിന്റെ കാരണം വ്യക്തമാകൂ.
Discussion about this post