കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നടത്തിയ ആരോപണങ്ങൾക്ക് പ്രതികരണവുമായി ഫൈൻഡ് അർജുൻ ആക്ഷൻ കമ്മിറ്റി. അർജുന്റെ കുടുംബവുമായി സംസാരിച്ചും അറിയിച്ചും തന്നെയാണ് എല്ലാ കാര്യവും ചെയ്തതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ നൗഷാദ് തെക്കയിൽ പറഞ്ഞു. കുടുംബത്തെ അറിയിച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതും നിവേദനം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്ഷൻ കമ്മിറ്റി ഒരു തരത്തിലുള്ള പണപ്പിരിവും നടത്തിയിട്ടില്ല. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. മനാഫിനെതിരായ ആരോപണങ്ങളിൽ അദ്ദേഹം തന്നെ പ്രതികരിക്കുമെന്നും നൗഷാദ് കൂട്ടിച്ചേർത്തു.
അതേസമയം, അർജുൻ വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി ഈശ്വർ മാൽപേ രംഗത്തെത്തി. തനിക്കെതിരെ കേസെടുത്തുവെന്നത് വ്യാജ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഷിരൂ തിരച്ചിലുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള വിവാദത്തിനും താനിനി ഇല്ല. താൻ എന്തൊക്കെ ചെയ്തുവെന്ന് ദൈവത്തിനും കണ്ടുനിന്നവർക്കും അറിയാം. ഒരു തരത്തിലുള്ള പ്രശസ്തിക്കും വേണ്ടിയല്ല, താനതൊന്നും ചെയ്തതെന്നും മാൽപേ വ്യക്തമാക്കി.
Discussion about this post