കോഴിക്കോട്; കർണാടക ഷിരൂരിൽ മണ്ണിടിച്ചിൽ അപകടത്തിൽ മരിച്ച അർജുന്റെ മൃതശരീരം ഈ കഴിഞ്ഞ ആഴ്ചയാണ് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത് കോഴിക്കോട്ടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ഇതിന് പിന്നാലെ അർജുന്റെ കുടുംബം ലോറി ഉടമകളിലൊരാളായ മനാഫിനും ഈശ്വർ മാൽപെയ്ക്കുമെതിരെ രംഗത്തെത്തിയിരുന്നു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളർത്തുന്ന വാക്കുകൾ പോലും മനാഫ് പറഞ്ഞുവെന്നും അർജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളർത്തുമെന്നതടക്കമുള്ള അസംബന്ധങ്ങൾ മനാഫ് മാദ്ധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും കുടുംബം ആരോപിച്ചിരുന്നു.കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിർത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിർത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അർജുന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്തിയില്ലെങ്കിൽ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മറുപടിയുമായി മനാഫെത്തിയിരുന്നു. എല്ലാവരും തള്ളിപ്പറഞ്ഞാലും അർജുന്റെ അമ്മ എന്നും തന്റെ അമ്മയായിരിക്കുമെന്ന് പറഞ്ഞ മനാഫ് അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. സംഭവം ചർച്ചയായതോടെ മലയാളികൾ ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടത്തുകയും സോഷ്യൽമീഡിയയിൽ ചർച്ച കൊഴുക്കുകയും ചെയ്തു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ കിഷോർ സത്യ ഇപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണെന്നും ഒഴിവാക്കാമായിരുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.’ഇരു കൂട്ടരോടുമായി പറയട്ടെ…. ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്….ഒഴിവാക്കാമായിരുന്നു…..ഇന്നലെ വരെ നടന്നതും കണ്ടതും പറഞ്ഞതുമൊന്നും ഞങ്ങളാരും മറന്നിട്ടില്ല. അർജുൻ ഇപ്പോഴും മലയാളികളുടെ നെഞ്ചിൽ ഒരു വിങ്ങലാണ്… ഒഴിവാക്കാമായിരുന്നു…. അല്ല ഒഴിവാക്കണമായിരുന്നു…’- എന്നാണ് അർജുന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കിഷോർ സത്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
Discussion about this post