തിരുവനന്തപുരം : ദക്ഷിണ കേരളത്തിലെ യാത്രാ ക്ലേശത്തിന് പരിഹാരവുമായി റെയിൽവേ. യാത്രക്കാർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കൊല്ലം-എറണാകുളം റൂട്ടിൽ പ്രത്യേക സർവീസ് അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഏതാനും യാത്രക്കാർ വേണാട് എക്സ്പ്രസിൽ കുഴഞ്ഞു വീണിരുന്നതിനെ തുടർന്നാണ് റെയിൽവേ പുതിയ സർവീസ് അനുവദിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് സൗകര്യപ്രദമായ സമയം നോക്കിയായിരിക്കും സ്പെഷൽ സർവീസ് നടത്തുക എന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. തിങ്കൾ മുതൽ വെള്ളി വരെ ആയിരിക്കും പുതിയ ട്രെയിൻ സർവീസ് നടത്തുക. ഈ മാസം ഏഴാം തീയതി മുതൽ തന്നെ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കും എന്നാണ് റെയിൽവേ അറിയിക്കുന്നത്.
സ്പെഷ്യൽ സർവീസ് കൂടാതെ പുനലൂർ-എറണാകുളം മെമു സർവീസും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷന് കോച്ചുകൾ ലഭിക്കുന്നതിനനുസരിച്ച് ആയിരിക്കും സർവീസ് ആരംഭിക്കുക. സംസ്ഥാനത്തെ മിക്ക ഭാഗങ്ങളിലും റോഡ് പണിയും തകർന്ന റോഡുകളും മൂലം ഗതാഗത തടസ്സമുള്ളതിനാൽ കൂടുതൽ യാത്രക്കാരൻ ട്രെയിൻ സർവീസുകളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം വലിയ തിരക്കാണ് അടുത്തിടെയായി ട്രെയിനുകളിൽ അനുഭവപ്പെടുന്നത്.
Discussion about this post