പത്തനംതിട്ട: മദ്യ ലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം. വെഞ്ഞാറമൂട് സ്വദേശിനി രജിതയാണ് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് കേസ് എടുത്തു. അപകടത്തിൽ പരിക്കേറ്റ ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെയായിരുന്നു സംഭവം. വൈകുന്നേരം ആറ് മണിയ്ക്ക് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻവശത്തായിരുന്നു അപകടം. സ്വിഫ്റ്റ് ഡിസയർ കാറിലായിരുന്നു രജിത സഞ്ചരിച്ചിരുന്നത്. അടൂർ ഭാഗത്ത് നിന്നും വരികയായിരുന്നു ഇവരെന്നാണ് പ്രാഥമിക വിവരം. മദ്യ ലഹരിയിൽ അടൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിയിലും കാറിലുമായി നടി ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് എം സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. സംഭവ സമയം നടിയുടെ സുഹൃത്ത് രാജുവും ഒപ്പമുണ്ടായിരുന്നു.
അപകടത്തിൽ രജിതയുടെ കഴുത്തിനാണ് പരിക്കേറ്റിട്ടുള്ളത്. നടി പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റാർക്കും അപകടത്തിൽ പരിക്കില്ല. മെഡിക്കൽ പരിശോധനയിൽ രജിത മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് മദ്യപിച്ചാണ് നടി വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമായത്. വാഹനത്തിൽ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് റോഡിൽ ഒന്നര മണിക്കൂറോളം ഗതാഗതക്കുരുക്ക് നേരിട്ടു.
Discussion about this post