തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിന് പിന്നിൽ ഹരിപ്പാട് മുൻ എംഎൽഎ ദേവകുമാറിന്റെ മകൻ സുബ്രപ്മണ്യൻ ഒറ്റയ്ക്കല്ലെന്ന് പി ആർ ഏജൻസി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം കൂടിയാണ് ഇന്റർവ്യൂ നിശ്ചയിച്ചത് എന്നാണ് വിവരം.
സി പി എം കേന്ദ്ര കമ്മിറ്റിയ്ക്ക് ഡൽഹിയിൽ എത്തുപ്പോൾ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകാമെന്ന് നേരത്തെ എടുത്ത തീരുമാനമായിരുന്നു. തീയതി വരെ നിശ്ചയിച്ചത് ഓഫീസിന്റെ അറിവോടെയായിരുന്നു എന്ന് പി ആർ ഏജൻസി വ്യക്തമാക്കി. കൂടാതെ കൂടുതൽ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് താത്പര്യമറിയിച്ചുവെന്നും പറയുന്നു.
സുബ്രപ്മണ്യൻ അഭിമുഖത്തിനായി തന്നെ സമീപിച്ചു. മറ്റൊന്നും തനിക്ക് അറിയില്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പറയാത്ത കാര്യങ്ങൾ ആണ് അഭിമുഖത്തിൽ വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തുകയോ പണം നൽകുകയോ ചെയ്തിട്ടില്ല. തനിക്ക് ഒരു പിആർ ഏജൻസിയെയും അറിയില്ല. ഹിന്ദു ലേഖികയുമായി അഭിമുഖം മുന്നോട്ടു പോവുന്നതിനിടെ മറ്റൊരു വ്യക്തി വന്നിരുന്നുവെന്നും അത് ആരാണെന്ന് തനിക്ക് അറിയില്ല. ലേഖികയുടെ സുഹൃത്ത് ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാൽ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും വ്യക്തമായ അറിവോടെയാണ് ഡൽഹിയിൽ അഭിമുഖം നടന്നത് എന്നുള്ള വിവരമാണ് പി ആർ ഏജൻസിയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത്.
Discussion about this post