എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആലുവ സ്വദേശിനിയായ നടിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. കൊച്ചി സൈബർ പോലീസാണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തിയതിനും, സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസമാണ് പരാതിയുമായി ബാലചന്ദ്ര മേനോൻ പോലീസിൽ പരാതി നൽകിയത്. ഇതിൽ നടന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അഭിഭാഷകൻ മുഖേന നടന്റെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചായിരുന്നു നടിയുടെ ഭീഷണിയെന്നാണ് നടന്റെ പരാതിയിൽ പറയുന്നത്.
മൂന്ന് ലൈംഗിക പീഡന കേസുകൾ ബാലചന്ദ്ര മേനോനെതിരെ പുറത്തുവരും എന്നായിരുന്നു നടിയുടെ ഭീഷണി. ഇതിന് പിന്നാലെ നടി ഫേസ്ബുക്ക് കുറിപ്പിലൂടെ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് എത്തി. ഓൺലൈൻ മാദ്ധ്യമങ്ങളോടും അദ്ദേഹത്തെക്കുറിച്ച് മോശം പരാമർശം നടത്തി. ഇതോടെയാണ് ബാലചന്ദ്ര മേനോൻ പോലീസിൽ പരാതി നൽകിയത്. ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും ആയിരുന്നു പരാതി നൽകിയത്.
Discussion about this post