മഴക്കാലം കഴിഞ്ഞിതാ വേനൽ കനത്തുതുടങ്ങി. പുറത്തേക്കിറങ്ങിയാൽ കത്തുന്ന ചൂടാണ് സൺസ്‌ക്രീനും കൂളിംഗ് ഗ്ലാസും വച്ചാലും ചൂട് ശരീരത്തിലേക്ക് അരിച്ചുകയറി പ്രശ്‌നങ്ങളുണ്ടാക്കും. വീട്ടിനകത്തോ ഓഫീസിലോ ഇരിക്കാമെന്ന് വച്ചാലോ വലിയ ഉഷ്ണം കാരണം ഇറങ്ങി ഓടാൻ തോന്നും. ഈ വലിയ ചൂടിന് ഒരു ആശ്വാസമാണ് എസി. എന്നാൽ വലിയ തുക മുടക്കി എസി വാങ്ങാനുള്ള പണം പെട്ടെന്ന് എടുക്കാൻ ഇല്ലാത്ത സാധാരണക്കാർ എന്ത് ചെയ്യും? ലോണെടുത്തോ ഇഎംഎ അടച്ചോ വാങ്ങും. അല്ലെങ്കിൽ ഫാൻ വച്ച് അഡ്ജസ്റ്റ് ചെയ്യും. കൊടും ചൂടാവുന്ന സമയത്ത് ചിലർ ഫ്രിഡ്ജ് തുറന്ന് വച്ച് തണുപ്പ് റൂമിൽ ആക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. സോഷ്യൽമീഡിയയിൽ വലിയ ട്രെൻഡിംഗുമായിരുന്നു ഇത്. എന്നാൽ യഥാർത്ഥത്തിൽ എസിക്ക് പകരം പ്രവർത്തിയ്ക്കാൻ ഈ റഫ്രിജറേറ്റുകൾക്ക് ആകുമോ?
ഇല്ല എന്ന് തന്നെയാണ് ഉത്തരം. കാരണം റഫ്രിജറേറ്റർ പ്രവർത്തിക്കുമ്പോൾ അതിനകത്തെ യന്ത്രം പ്രവർത്തിക്കുന്നതിന്റെ ചൂട് പുറത്തേക്കു വിടുന്നുണ്ട്. ഫ്രിഡ്ജിന്റെ പിൻ ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന കണ്ടൻസർ കോയിലുകൾ വഴിയാണ് ചൂടു പോകുന്നത്. പലപ്പോഴും റഫ്രിജറേറ്ററിന്റെ പിൻഭാഗം നല്ല ചുട്ട്പഴുത്തിരിക്കുന്നത് കാണാം. ഭൗതിക ശാസ്ത്ര നിയമങ്ങൾ അനുസരിച്ചു നോക്കിയാൽ ചൂടു പുറത്തേക്കു വിട്ടു കൊണ്ടു മാത്രമേ ഫ്രിഡ്ജിനു പ്രവർത്തിക്കാൻ കഴിയൂ.
അതിനാൽ ഫ്രിഡ്ജ് തുറന്നുവെച്ചതു കൊണ്ട് മുറി തണുക്കുകയില്ല. മറിച്ചു കുറച്ചു ചൂടാകും. എന്നാൽ എസിയുടെ അടിസ്ഥാന പ്രവർത്തന രീതി ഫ്രിഡ്ജിന്റേതിന് ഏറെക്കുറെ സമാനമാണ്. എന്നാൽ ചൂട് മുറിയിൽ നിന്നു പുറത്തേക്കു പോകാനുള്ള സൗകര്യം അതിലുണ്ട്. വിൻഡോ എസിയിൽ കണ്ടൻസർ കോയിലുകൾ പുറത്തായിരിക്കും. സ്പ്ലിറ്റ് എസിയിൽ കംപ്രസ്സർ, കണ്ടൻസർ , കൂളിംഗ് ഫാൻ എന്നിവ ഔട്ട് ഡോർ യൂണിറ്റിലായിരിക്കും. ഇവയിലൂടെ ചൂട് പുറത്തേക്കു പോകും. അത് കൊണ്ട് തന്നെ എസിയും ഫ്രിഡ്ജും തണുപ്പിക്കുന്ന രണ്ട് ഉപകരണങ്ങളല്ലേ.. ഫ്രിഡ്ജ് കുറച്ചുകൂടി തണുപ്പില്ലേ എന്നൊക്കെ വിചാരിച്ച് തുറന്നിടുന്നത് മണ്ടത്തരമാണെന്ന് അർത്ഥം
Discussion about this post