ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കളുടെ ഇഷ്ട ടെലികോം കമ്പനിയായി മാറിയിരിക്കുകയാണ് ബിഎസ്എൻഎൽ. അടുത്ത കാലത്തായി നിരവധി പേരാണ് മറ്റ് സിമ്മുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. കുറഞ്ഞ നിരക്കിൽ നിരവധി സേവനങ്ങൾ നൽകുന്നു എന്നതാണ് ബിഎസ്എൻഎൽ ഇത്രയേറെ ജനപ്രിയം ആകാൻ കാരണം. ഇപ്പോഴിതാ ജിയോ ഫോണുകൾക്ക് സമാനമായ രീതിയിൽ 4 ജി ഫോണുകൾ വിപണിയിൽ എത്തിക്കാനാണ് ടെലികോം കമ്പനിയുടെ നീക്കം.
ഇന്ത്യൻ മൊബൈൽ ഫോൺ നിർമ്മാതാക്കളായ കാർബണുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഫോൺ പുറത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിൽ കരാറിൽ ഏർപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. അടുത്ത മാർച്ചോട് കൂടി ബിഎസ്എൻഎൽ 4 ജി പുറത്തിറക്കും. ഇതോടൊപ്പം ഫോണുകളും പുറത്തിറക്കാനാണ് കമ്പനിയുടെ നിലവിലെ നീക്കം.
ജിയോയുടെ 4 ജി ഫോണുകളെക്കാൾ ഇതിന് വില കുറവായിരിക്കും എന്നാണ് പ്രാഥമിക വിവരം. 4 ജി സിം കാർഡ് ഇടാവുന്ന എക്‌സ്‌ക്ലുസീവ് ഹാൻഡ്‌സെറ്റായിട്ടാണ് ഈ ഫോൺ പുറത്തിറങ്ങുക. ഫോൺ പുറത്തിറങ്ങുന്നതോട് കൂടി ബിഎസ്എൻഎൽ രാജ്യത്തെ ടെലികോം വിപണിയിൽ നിർണായക ശക്തിയാകുമെന്നാണ് വിലയിരുത്തൽ.
അടുത്തിടെ സ്പാം കോളുകൾ തടയുന്നതിനായി സ്വകാര്യ ടെലികോം കമ്പനിയായ എയർടെൽ കൊണ്ടുവന്നിരുന്നു. സമാനരീതിയിൽ സംവിധാനം ബിഎസ്എൻഎല്ലും കൊണ്ടുവന്നേക്കും. ഇതും കമ്പനിയ്ക്ക് നേട്ടമാകും.
Discussion about this post