തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മസ്‌കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് സംഭവം.
ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ യാത്രക്കാർക്ക് ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു ഇതിന് പിന്നാലെ, പുക കൂടി വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ, യാത്രക്കാർ ബഹളം വക്കുകയായിരുന്നു. ഇതോടെ, അധികൃതർ ഇടപെട്ടു. ഈ സമയം, വിമാനം ടേക്ക് ഓഫിനായി റൺവേയിൽ എത്തിയിരുന്നു.
184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. എല്ലാവരെയും ടെർമിനലിലേക്ക് മാറ്റുകയും ബദൽ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. സംഭവത്തിൽ പരിശോധന നടക്കുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
Discussion about this post