കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. നടക്കാവ് പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
26 പവന്റെ സ്വറണാഭരണങ്ങളാണ് മോഷണം പോയത്. എംടിയുടെ ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭച്ചിരുന്നു. ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ ഇതിൽ ഉണ്ട്. കഴിഞ്ഞ ദിവസം സ്വർണം പരിശോധിച്ചപ്പോഴാണ് മോഷണം പോയതായി വ്യക്തമായത് എന്നാണ് സരസ്വതിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത് എന്നും ഇവർ പോലീസിനോട് പറഞ്ഞു. സ്വർണം ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത് എന്നാണ് കരുതിയിരുന്നത്. എന്നാൽ ലോക്കറിൽ ഇതില്ല. ഇതോടെയാണ് ആഭരണങ്ങൾ മോഷണം പോയതായി വ്യക്തമായത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മൽ, ലോക്കറ്റ്, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ് കാണാതെ ആയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
Discussion about this post