എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയ താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ്. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ആരായുന്നതിന് വേണ്ടിയാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് താരങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകുമെന്നാണ് സൂചന.
അതേസമയം താരങ്ങളെ ഹോട്ടൽ മുറിയിലേക്ക് എത്തിച്ച ഇടനിലക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം സൗത്ത് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊച്ചിയിലെ ലഹരി ഇടപാടുകാരിൽ പ്രധാനിയാണ് ബിനു ജോസഫ്. ലഹരി ഇടപാടിന്റെ ഭാഗമായിട്ടാണോ ഇയാൾ എത്തിയത് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിനിമാ താരങ്ങൾ ലഹരി പാർട്ടിയിൽ പങ്കെടുത്തതായി വ്യക്തമാകുകയായിരുന്നു.
Discussion about this post