ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് നിർണായക വിജയം നൽകിയതിന് ഹരിയാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമെന്നാണ് പ്രധാനമന്ത്രി ഈ വിജയത്തെ വിശേഷിപ്പിച്ചത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അക്ഷീണം പ്രവർത്തിക്കുമെന്നും അദ്ദേഹം സംസ്ഥാനത്തെ ജനങ്ങൾക്ക് ഉറപ്പുനൽകി.
‘ഭാരതീയ ജനതാ പാർട്ടിക്ക് ഒരിക്കൽ കൂടി വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ഹരിയാനയിലെ ജനങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇത് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങൾക്ക് അവരുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ഒരു അവസരവും ഞങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
50 സീറ്റുകൾ നേടിയാണ് ഇക്കുറി കുരുക്ഷേത്ര ഭൂമിയിൽ ബിജെപി കാവിക്കൊടി പാറിച്ചത്. അതേസമയം കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് ഇക്കുറി ഉണ്ടായത്. 8 സീറ്റുകളുടെ നേട്ടമാണ് ഇക്കുറി ബിജെപിയ്ക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ ആയിരുന്നു ബിജെപി നേടിയത്. എന്നാൽ 8 സീറ്റുകൾ കൂടി അധികമായി ലഭിച്ചത് ബിജെപിയുടെ വിജയത്തിന് ഇരട്ടി മധുരം നൽകുന്നു.
പോസ്റ്റൽ ബാലറ്റ് എണ്ണിക്കഴിഞ്ഞപ്പോൾ സ്ഥിതിഗതികൾ കോൺഗ്രസിന് അനുകൂലം ആയിരുന്നു. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ഫലങ്ങൾ ആകെ മാറുകയായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ ബിജെപി 45 ലധികം സീറ്റുകളിൽ ലീഡ് ചെയ്തു. വോട്ടണ്ണലിന്റെ അവസാനം വരെ ഈ ആധിപത്യം തുടരുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 31 സീറ്റുകൾ ആയിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി നാല് സീറ്റുകൾ അധികം നേടിയെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇക്കുറി സംസ്ഥാനം പിടിച്ചെടുക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം.
Discussion about this post