തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത വകുപ്പ്. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ മാസം മുതൽ നിലവിൽ വരും. കാറിൽ കുട്ടികൾക്ക് പ്രത്യേക സീറ്റുകൾ ഒരുക്കണമെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും ഗതാഗതവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ നിയമം അനുസരിച്ചാണ് സംസ്ഥാനത്തും മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജുവാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്കാണ് കാറുകളിൽ പ്രത്യേക സീറ്റുകൾ കാറിന്റെ പിൻ സീറ്റിൽ തയ്യാറാക്കേണ്ടത്. നാല് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ച് പ്രത്യേക മാതൃകയിലുള്ള സീറ്റുകൾ ഉണ്ടായിരിക്കണം.
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കി. ഈ മാസവും അടുത്ത മാസവും ഇതുമായി ബന്ധപ്പെട്ട പ്രചാരണവും ബോധവത്കരണവും ഉണ്ടാകും. ഡിസംബറിൽ നിയമനടപടികൾക്ക് തുടക്കമാകും.
Discussion about this post