തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭയിലെത്തില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന് പനിയാണെന്നും വിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെയും അടിയന്തര പ്രമേയ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ടവേദനയും പനിയും ഉള്ളതുകൊണ്ടാണ് വരാതിരുന്നതെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. അദ്ദേഹത്തിന് വോയ്‌സ് റെസ്റ്റ് ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഇന്നലെ തന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ആദ്യദിനം തന്നെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് നിയമസഭ പിരിഞ്ഞത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷത്തിന്റെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചതും വലിയ വലവാദമായി മാറി.
പരാമർശത്തിന് പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞു. ഇതേഭാഷയിൽ തന്നെ മുഖ്യമന്ത്രിയും മറുപടി നൽകിയതോടെ സഭയിൽ വാക്കേറ്റം തുടങ്ങുകയായിരുന്നു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിക്കുകയും ഡയസിന് മുമ്പിൽ ബാനർ കെട്ടുകയും ചെയ്തു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി.
രാവിലെ സമ്മേളനം തുടങ്ങിയത് തന്നെ പ്രതിപക്ഷ പ്രതിഷേധത്തോടെയാണ്. സഭയിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശത്തെ സർക്കാർ തടയുകയാണെന്ന് എ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷം നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
Discussion about this post