കൊല്ലം: സിനിമാ സീരിയൽ താരം ടി പി മാധവൻ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. താര സംഘടനയുടെ എഎഎംഎയുടെ ആദ്യ ജനറൽ സെക്രട്ടറിയും സ്ഥാപകരിൽ ഒരാളാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഉദര സംബന്ധമായ അസുഖത്തെ തുടന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇന്നലെ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാൽ ആരോഗ്യനില മോശമായി തന്നെ തുടരുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
അറന്നൂറോളം സിനിമകളിലാണ് അദ്ദേഹം ഇതിനോടകം തന്നെ അഭിനയിച്ചത്. നിരവധി സീരിയലുകളിലും വേഷമിട്ടു. ചലിച്ചിത്ര രംഗത്ത് സജീവമായിരിക്കെ എട്ട് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് പക്ഷാഘാതം വരുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ലോഡ്ജിൽ താമസം ആക്കി. ലോഡ്ജിൽ ഒരിക്കൽ അവശനിലയിൽ കണ്ട അദ്ദേഹത്തെ സഹപ്രവർത്തകർ പത്തനാപുരം ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം ഗാന്ധിഭവനിലായിരുന്നു താമസം.
ആരോഗ്യം മെച്ചപ്പെട്ടതോടെ അദ്ദേഹം വീണ്ടും അഭിനയിക്കാൻ ആരംഭിച്ചു. എന്നാൽ പിന്നീട് മറവി രോഗം പിടിപെടുകയായിരുന്നു. കുടുംബവുമായി അസ്വാരസ്യത്തിൽ ആയിരുന്നു. മകൻ രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ആണ്.
1975ൽ രാഗം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് ടി.പി. മാധവൻ എത്തിയത്. ഈ സിനിമ വിജയിച്ചതോടെ അദ്ദേഹത്തെ തേടി നിരവധി വേഷങ്ങൾ എത്തി. നരസിംഹം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഉദയനാണ് താരം, പുലുവാൽ കല്യാണം, വിയറ്റ്നാം കോളനി തുടങ്ങി അനേകം ചിത്രങ്ങളിൽ പ്രധാന വേഷം കെെകാര്യം ചെയ്തിട്ടുണ്ട്. 17 ഓളം സീരിയലുകളിലും വേഷമിട്ടു.
Discussion about this post