ഹരിയാന തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് പ്രതികൂലമായതോടെ സോഷ്യൽമീഡിയയിൽ ആഞ്ഞടിക്കുകയാണ് ജിലേബി തരംഗം. ജിലേബിയുടെ കുരുക്കഴിക്കാനാവാതെ കുഴങ്ങുകയാണ് നേതാക്കൾ. വമ്പൻ വിജയം നേടിയ ബിജെപി നേതാക്കളാകട്ടെ കോൺഗ്രസ് ആസ്ഥാനത്തും ജിലേബികൾ പെട്ടി കണക്കിന് അയച്ച് കണക്കുകൾ തീർത്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നടത്തിയ ഒരുപരാമർശമാണ് ജിലേബി തരംഗത്തിന്റെ മൂലകാരണം. ഗൊഹാനയിലെ ജിലേബി കടയുടമയായ മാതു റാമിൽ നിന്ന് രാഹുൽ അൽപ്പം ജിലേബി വാങ്ങി കഴിച്ചു. വലിയ ജിലേബികൾ താൻ കഴിച്ചുവെന്നും,തന്റെ ജീവിതത്തിൽ ഇന്നേ വരെ കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും രുചികരമായ ജിലേബിയാണിതെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ ജിലേബി ലോകം മുഴുവൻ എത്തുമെന്ന് കോൺഗ്രസ് നേതാക്കളായ ദീപേന്ദറിനോടും ബജ്രംഗ് പുനിയയോടും പറഞ്ഞതായി രാഹുൽ പറഞ്ഞു. ഇത് വലിയ ട്രോളുകൾക്കാണ് കാരണമായത്. എളുപ്പം കേടാവുന്ന ഈ മധുരപലഹാരം അധികം ദൂരത്തേക്ക് എത്തിച്ച് വിൽപ്പന നടത്താൻ കഴിയില്ലെന്നും ആളുകൾ ചൂണ്ടിക്കാട്ടി. ബിജെപി ഹരിയാന ഘടകവും രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടതിനാൽ ഹരിയാനയിൽ തയ്യാറാക്കുന്ന ജിലേബിയുടെ വലുപ്പത്തിലാണ് രസം കണ്ടെത്തുന്നതെന്നായിരുന്നു പരിഹാസം. പിന്നാലെ കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ ഇതിന് മറുപടിയുമായി രംഗത്തെത്തി. വോട്ടെണ്ണൽ ദിനമായ ഒക്ടോബർ എട്ടിന് സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി രൂപീകരിക്കുമ്പോൾ ഇതേ ജിലേബിയുടെ ഒരു പൊതി സൈനിക്ക് പാഴ്‌സലായി അയക്കുമെന്നായിരുന്നു പരാമർശം. ഫലം വന്നപ്പോൾ 90 മണ്ഡലങ്ങളിൽ 48 ഇടത്തും ബിജെപി വിജയിച്ചു. മുൻ തിരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതവും സീറ്റിന്റെ എണ്ണവും കൂടുതലാണ്.
ജിലേബി
സോഷ്യൽമീഡിയയിൽ തരംഗമായ ജിലേബി ബേക്കറിയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ ? ഇന്ത്യൻ ഉപഭൂഖണ്ഡത്തിലം പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയുടെ ചിലഭാഗങ്ങളിലും വളരെ ജനകീയമായ പലഹാരമാണ് ജിലേബി. ഇതിന്റെ വേരുകൾ പേർഷ്യയാണെന്നാണ് കരുതപ്പെടുന്നത്. 10ാം നൂറ്റാണ്ടിലാണ് ജിലേബിയോട് സാദൃശ്യമുള്ള പലഹാരം ഉണ്ടാക്കിയത്, തുർക്കിയിൽ നിന്ന് ടുണീഷ്യ വഴിയാണ് ജിലേബി ഇന്ത്യയിലെത്തിയത്.
ജലേബി എന്ന വാക്ക് പേർഷ്യൻ ഭാഷയിലെ വാക്കായ സൂൾബിയ (‘zoolbia’) എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു. ഈജിപ്ത്, ലെബനൻ , സിറിയ എന്നിവടങ്ങളിൽ ഇത് സലാബിയ (‘zalabia’) എന്ന പേരിൽ അറിയപ്പെടുന്നു. നേപ്പളിൽ ഇത് ജെരി (Jeri) എന്ന പേരിലും[3]മൊറോകോ, അൾജീരിയ , ടുണീഷ്യ എന്നിവടങ്ങളിൽ ഇത് സ്ലേബിയഎന്ന പേരിലും അറിയപ്പെടുന്നു
ജിലേബി ഉണ്ടാക്കുന്ന വിധം
ആവശ്യമായ സാധനങ്ങൾ
ഒരു കപ്പ് മൈദ
2 ടേബിൾ സ്പൂൺ കോൺഫ്‌ളോർ
ഒരു പിഞ്ച് ബേക്കിംഗ്‌സോഡ
ഉപ്പ് ഒരു നുള്ള്
തൈര്- അരക്കപ്പ്
നെയ്യ്-രണ്ട് ടേബിൾ സ്പൂൺ
ആവശ്യത്തിന് വെള്ളം
ഫുഡ് കളർ -ഓറഞ്ച് മൂന്ന് തുള്ളി
എണ്ണ
മൈദ,കോൺഫ്‌ളോർ,ബേക്കിംഗ്‌സോഡ,ഉപ്പ് എന്നിവയെല്ലാം ഒരു പാത്രത്തിൽ എടുത്ത് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം തൈരും,നെയ്യും കൂടി മിക്‌സ് ചെയ്ത് വെള്ളമൊഴിച്ച് ദേശമാവിന്റെ പരുവത്തിലാക്കി മൂന്ന് തുള്ളി ഫുഡ്കളർ ചേർച്ച് നന്നായി കലക്കിയെടുത്ത് ഒരു മണിക്കൂർ നേരം മാറ്റി വയ്ക്കുക.തുടർന്ന് പഞ്ചസാര ലായനി തയ്യാറാക്കാം. ആദ്യം പഞ്ചസാരയും വെള്ളവും മിക്‌സ് ചെയ്ത് മീഡിയം തീയ്യിൽ വച്ച് തിളപ്പിക്കുക. പഞ്ചസാര നല്ലതുപോലെ ഉരുകിക്കഴിഞ്ഞതിന് ശേഷം ഇതിലേക്ക് ഏലക്കായും നാരങ്ങനീരും ചേർത്ത് തീ ഓഫ് ചെയ്യുക.
അതിന് ശേഷം നമ്മൾ മാറ്റി വെച്ചിരിക്കുന്ന മാവ് എടുത്ത് ഒരു പൈപ്പിംങ് ബാഗിലേക്ക് ഒഴിച്ച് വറുക്കാൻ പാകത്തിന് എണ്ണ ചൂടാക്കി ഇതിലേക്ക് ചുറ്റിച്ച് ഒഴിച്ച് കൊടുക്കുക. എപ്പോഴും തീ വളരെ കുറച്ച് വെക്കുന്നതിന് ശ്രദ്ധിക്കണം. രണ്ട് വശും ക്രിസ്പി ആവുന്നത് വരെ വറുത്തെടുക്കണം. അതിന് ശേഷം എണ്ണയിൽ നിന്ന് കോരി എടുത്ത് പഞ്ചസാര ലായനിയിൽ ഇടുക. ഇത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. നല്ല സൂപ്പർ മഞ്ഞ ജിലേബി തയ്യാർ. അധികമായി വന്ന ജിലേബി ഫ്രിഡ്ജിൽ അടച്ച് സൂക്ഷിച്ച് കഴിക്കാം
Discussion about this post