ന്യൂഡൽഹി; കാൻസർവന്ന് മരിച്ചുപോയ അവിവാഹിതനായ മകന്റെ ബീജം ഉപയോഗിക്കാമെന്ന് കോടതി ഉത്തരവ്. ഗുർവീന്ദർ സിംഗിന്റെയും ഹർബീർ കൗറിന്റെയും മകനായ 30 കാരനായ പ്രീത് ഇന്ദർ സംിഗിന്റെ സൂക്ഷിച്ചുവച്ച ബീജം ഉപയോഗിക്കാമെന്നാണ് ഉത്തരവ്.
2020 സെപ്തംബറിൽ രക്താർബുദത്തിന്റെ വകഭേദമായ നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ ബാധിച്ചാണ് പ്രീത് ഇന്ദർ സിംഗ് മരിച്ചത്. കീമോതൊറാപ്പി ചികിത്സ ആരംഭിക്കും മുൻപ്,ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇത് ശേഖരിച്ച് സൂക്ഷിക്കാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. ഇതേ തുടർന്ന് യുവാവിന്റെ ബീജം സൂക്ഷിച്ചെങ്കിലും അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.ഇതിന് ഏതാനും മാസങ്ങൾക്ക് ശേഷം ദമ്പതിമാർ ആശുപത്രിയിലെത്തിയെങ്കിലും അധികൃതർ ബീജം കൈമാറാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
മകന്റെ ബീജ സാമ്പിൾ ഉപയോഗിച്ച് ജനിക്കുന്ന കുഞ്ഞ് ഏതാണെങ്കിലും വളർത്തുമെന്നും ദമ്പതികൾ കോടതിയെ അറിയിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും മരണശേഷം കുഞ്ഞിന്റെ പൂർണ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുമെന്നും ഇവരുടെ പെൺമക്കൾ വ്യക്തമാക്കിയിരുന്നു. ബന്ധുവിന്റെ വാടകഗർഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നൽകാനാണ് ദമ്പതിമാരുടെ തീരുമാനം. ഞങ്ങൾ വളരെ നിർഭാഗ്യവാന്മാരായിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു. എന്നാൽ കോടതി ഞങ്ങൾക്ക് വളരെ വിലയേറിയ ഒരു സമ്മാനം നൽകി. ഇപ്പോൾ ഞങ്ങൾക്ക് മകനെ തിരികെ നേടാൻ കഴിയുമെന്ന് ദമ്പതികൾ പ്രതികരിച്ചു.
Discussion about this post