വീറുംവാശിയുമുള്ള മത്സരങ്ങളുടെ ലോകമാണ് വ്യവസായമേഖല. വിജയത്തിലേക്ക് കുതിക്കുന്നതിനിടെ പരാജയത്തിലേക്ക് കാലിടറി വീണേക്കാം. കുറ്റപ്പെടുത്തലും പരിഹാസവും കേട്ടേക്കാം. കയ്യടിച്ചവർ തന്നെ തള്ളി പറഞ്ഞേക്കാം. കുറ്റപ്പെടുത്തിയവർ ചിലപ്പോൾ തൊഴു കൈകളോടെ നിന്നേക്കാം. കിടമത്സരം നിറഞ്ഞ വ്യവസായ ലോകത്ത് മിതവാദിയായ രത്തൻടാറ്റയെങ്ങനെ ഈ സാമ്രാജ്യം പണിതുവെന്നത് പലരും ആശ്ചര്യത്തോടെ ആലോചിക്കുന്നുണ്ടാവും. അദ്ദേഹത്തിന്റെ ശൈലികൾ തന്നെയാണ് വിജയമന്ത്രം. ഒറ്റവെട്ടിന് രണ്ട് തുണ്ടം എന്ന നയം പിന്തുടരാതെ മേഖലയുടെ പൾസറിഞ്ഞ് പതിയെ വെട്ടിപ്പിടിക്കുന്നതാണ് ടാറ്റയെന്ന ബസിനസുകാരന്റെ ബുദ്ധി. അങ്ങനെയൊരു രീതി തന്നെയാണ് ഒരിക്കൽ അപമാനിച്ച് പടിയിറക്കി വിട്ട കമ്പനി കാലചക്രം പിന്നിട്ടപ്പോൾ രക്ഷകനെന്ന് വാഴ്ത്തിയതിന് പിന്നിലുള്ള കാരണമായതും.
ഇന്ത്യൻവാഹനലോകത്തെ മുടിചൂടാമന്നനായ രത്തൻടാറ്റയ്ക്ക് വാഹനവ്യവസായലോകത്തേക്കുള്ള ആദ്യ കാൽവെയ്പ്പ് അത്ര സുഖകരമായിരുന്നില്ല. അംബാസിഡറും മാരുതി 800 ഉം വിപണിവാണിരുന്ന കാലത്ത് ഇൻഡിക്കയെന്ന കാർ നിർമ്മിച്ചുകൊണ്ടാണ് ടാറ്റ പുതിയ ബിസിനസ് ആരംഭിക്കുന്നത്. എന്നാൽ ഇൻഡിക്കയ്ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. നല്ല ഡിസൈനും വിലക്കുറവും വാദ്ഗാനം ചെയ്തിട്ടും ആളുകൾ ഇൻഡിക്കയെ പ്രതീക്ഷിച്ച അത്ര രീതിയിൽ സ്വീകരിച്ചില്ല. 1999 ൽ മനംമടുത്ത ടാറ്റ ഇൻഡിക്കയെ കൊടുത്തൊഴിവാക്കാൻ തീരുമാനിച്ചു. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിനെ ആയിരുന്നു അദ്ദേഹം ഇൻഡിക്കയെ ഏൽപ്പിക്കാൻ തീരുമാനിച്ചത്.
പക്ഷേ ഇൻഡിക്കയുടെ കൈമാറ്റത്തെ കുറിച്ച് ഫോർഡുമായി സംസാരിക്കാനെത്തിയ ടാറ്റയ്ക്ക് അന്ന് നേരിടേണ്ടി വന്നത് വലിയ അപമാനമായിരുന്നു. ഡെട്രോയ്റ്റിലെ ബ്ലൂ ഓവലിന്റെ ആസ്ഥാനത്ത് ചർച്ചയ്ക്ക് എത്തിയ രത്തൻ ടാറ്റയെ ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് അധിക്ഷേപിച്ചു. കാർ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതേ ഭൂലോക മണ്ടത്തരമെന്ന കണക്കയെന്നായിരുന്നു ഫോർഡിന്റെ പരിഹാസം. ചുക്കും ചുണ്ണാമ്പുമറിയാതെ എന്തിനാ ബിസിനസിൽ ഇറങ്ങിപ്പുറപ്പെട്ടതെന്ന ലൈനിലായിരുന്നു അധിക്ഷേപമത്രയും. അറിയാത്ത വ്യവസായത്തിൽ കാലെടുത്ത് വയ്ക്കാൻ പോകരുതായിരുന്നുവെന്നും ഇപ്പോൾ നിങ്ങൾക്ക് ചെയ്യുന്ന ഉപകാരമാണ് കമ്പനിയേറ്റെടുക്കലെന്നും വരെ ബിൽ ഫോർഡ് പറഞ്ഞുകളഞ്ഞു. അഭിമാനത്തിന് ക്ഷതമേറ്റ ടാറ്റ അവിടെ നിന്നും ഇറങ്ങി. വാഹനനിർമ്മാണരംഗത്ത് വിജയിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. പക്ഷേ ഫോർഡുമായുള്ള കരാറിൽ നിന്ന് ടാറ്റ പിൻമാറിയത് അറിഞ്ഞ് പലരും ഞെട്ടി. ഇൻഡിക്കയെ കൊടുത്ത് ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് പലരും ഉപദേശിച്ചു.
പക്ഷേ കാലം കാത്തുവച്ച കണക്കുപുസ്തകത്തിൽ ടാറ്റയുടെ വിധി മറ്റൊന്നായിരുന്നു. 9 വർഷത്തിന് ശേഷമാണ് വമ്പൻ ട്വിസ്റ്റ് ഉണ്ടായത്. 2000 ത്തിൽ ഫോർഡ് കടക്കെണിയിലായി. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വറെന്ന ആഡംബര കാർ ബ്രാൻഡിന്റെ പ്രധാനഷെയർഹോൾഡറായിരുന്നു അക്കാലത്ത് ഫോർഡ്. ലക്ഷ്വറി എസ്യുവികൾക്ക് പേരുകേട്ട ജാഗ്വറിനെ കൊണ്ടുനടക്കാൻ ഫോർഡിനായില്ല. മാന്ദ്യകാലത്ത് പിടിച്ചുനിൽക്കാനായി ജാഗ്വറിനെ കൈ ഒഴിയാൻ ഫോർഡ് തീരുമാനിച്ചു. ആര് വാങ്ങും? പൊന്നും വില കൊടുത്ത് ജാഗ്വറിനെ ആര് ഏറ്റെടുക്കുമെന്നായി ചോദ്യം. കടുത്ത മത്സരവും ഗുണനിലവാര പ്രശ്‌നങ്ങളും അക്കാലത്ത് നേരിട്ട ജാഗ്വറിനെ മികച്ച വില കൊടുത്ത് വാങ്ങി പരീക്ഷണം നടത്താൻ ആരും തയ്യാറായില്ല. പാപ്പരത്വത്തിന്റെ വക്കിലെത്തിയ ഫോർഡിനെ രക്ഷിക്കാൻ രക്ഷകനെ പോലെ ടാറ്റയെത്തി. ടാറ്റ മോട്ടോർസ് എന്ന രൂപത്തിൽ. 2008 ൽ ജാഗ്വർ ടാറ്റ മോട്ടോർസിന്റെ ഭാഗമായി. വെറും 2.3 ബില്യൺ ഡോളറിനാണ് ടാറ്റയുടെ ഏറ്റെടുക്കൽ. രത്തൻടാറ്റയുടെ ബില്യൺ ഡോളർ പ്രതികാരമെന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ.
ജാഗ്വറിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞ് പരത്തിയവർക്ക് മുന്നിൽ പുതിയ രൂപത്തിലും ഭാവത്തിലും ടാറ്റ മോട്ടോർസിന്റെ കീഴിൽ ജെഎൽആർ പുനരവതരിച്ചു. കാലഹരണപ്പെട്ട ഡിസൈനും എഞ്ചിനും മാറ്റി പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന എസ്യുവികൾ അവതരിപ്പിച്ച് ലാൻഡ് റോറവർ കുതിച്ചു. ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചപ്പോൾ ഗുജറാത്തിലെ സാനന്ദിലുണ്ടായിരുന്ന ഫാക്ടറിയും ടാറ്റ ഏറ്റെടുത്തു.
Discussion about this post