എറണാകുളം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന ആരോപണത്തിൽ നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനിലെത്തി. ഇന്ന് വൈകീട്ടോടെയാണ് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ നടി ചോദ്യം ചെയ്യലിനായി എത്തിയത്.
നടൻ ശ്രീനാഥ് ഭാസിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് പ്രയാഗയും ചോദ്യം ചെയ്യലിനായി എത്തിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് നടിയെ ചോദ്യം ചെയ്യുന്നത്.
ഓംപ്രകാശിനെ അറിയില്ലെന്നാണ് ശ്രീനാഥ് ഭാസി പോലീസിനോട് പറയുന്നത്. ബിനു ജോസഫിനൊപ്പമാണ് താൻ ഹോട്ടൽ മുറിയിലെത്തിയത്. ബിനു ജോസഫ് സുഹൃത്താണ്. അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ട്. ആ മുറിയിൽ ലഹരി പാർട്ടി നടന്നതായി യാതൊരു വിവരവുമില്ല. താൻ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് റിമാൻഡ് റിപ്പോർട്ടിൽ പേരുണ്ടായിരുന്ന 20 പേരിൽ അഞ്ച് പേരെ വിളിച്ച് പോലീസ് മൊഴിയെടുത്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ നിന്നും ഗുണ്ടാനേതാവായ ഓം പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുറിയിൽ നിന്നും അളവിൽ കൂടുതൽ മദ്യവും ലഹരിമരുന്നും കണ്ടെടുത്തിരുന്നു. മൂന്ന് മുറികളായിരുന്നു ഓം പ്രകാശിന്റെ സുഹൃത്തിന്റെ പേരിൽ ഇവിടെ എടുത്തിരുന്നത്. താരങ്ങൾ ഇവിടെയെത്തി ഓം പ്രകാശിനെ കണ്ടിരുന്നെന്നായിരുന്നു ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, അറസ്റ്റിലായ ഓം പ്രകാശിന്റെയും കൂട്ടാളിയുടെയും വൈദ്യ പരിശോധന നടത്തിയെങ്കിലും ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
Discussion about this post