വീട് അതിന്റെ പൂർണതയിലെത്തണമെങ്കിൽ അവിടെ കുഞ്ഞുങ്ങൾ കൂടി വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ… കുട്ടികളുടെ കളിചിരികൾ എത്ര കടുംപിടുത്തക്കാരന്റെയും മുഖത്തും പുഞ്ചിരി വിടർത്തും. നിഷ്‌കളങ്ക ബാല്യത്തിന്റെ ശക്തി അതാണ്. പക്ഷേ കുഞ്ഞുങ്ങൾ കരഞ്ഞാൽ എല്ലാം കുഴഞ്ഞുമറിയും. പ്രത്യേകിച്ച് പൊടികുഞ്ഞുങ്ങൾ. ഇവരെന്തിനാണ് കരയുന്നത്,എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ,രോഗമാണോ എന്നൊക്കെയാവും പിന്നീട് ആശങ്ക. ഉറക്കം വന്നാൽ പോലും കരഞ്ഞ് പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങളെ ഉറക്കാനും സമാധാനിപ്പിക്കാനും പലരും പഠിച്ച അടവുകൾ മുഴുവനും പുറത്തിറക്കും. ചിലർ കുലുക്കി കുലുക്കി കുഞ്ഞുങ്ങളെ ഉറക്കാൻ ശ്രമിക്കും. എന്നാൽ നമ്മൾ കുഞ്ഞുങ്ങളോട് ചെയ്യുന്ന വലിയ തെറ്റാണ് ഈ കുലുക്കി ഉറക്കൽ എന്ന് അറിയാമോ?
അപകടം പിടിച്ച പണിയാണിത്. അതുപോലെ തന്നെ അപകടകരമാണ് കുഞ്ഞിനെ മുകളിലേക്കിടുന്നതും താഴേക്ക് വരുമ്പോൾ പിടിക്കുന്ന കളിയും. കുഞ്ഞിന്റെ ആരോഗ്യത്തെയും എന്തിന് ആയുസിനെയും ബാധിക്കുന്നതാണ് ഈ കുലുക്കൽ. ഷേക്കൺ ബേബി സിൻഡ്രോം എന്ന അവസ്ഥ കുഞ്ഞിനെ ബാധിച്ചേക്കാം. മൂന്ന് കാര്യങ്ങളാണ് ഇത് മൂലം ശരീരത്തിൽ പ്രധാനമായും സംഭവിക്കുന്നത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിയ്ക്കുക, ഉണർന്നിരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകുക, ശ്വസന പ്രശ്നം, ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക, ഛർദി, ചർമ്മം നീല നിറത്തിലോ വിളറിയോ ആകുക, പാരലൈസിസ്, കോമ, മസ്തിഷ്‌കാഘാതം എന്നിവയെല്ലാം തന്നെ ഇതിന്റെ ഭാഗമായി കുഞ്ഞിന് അനുഭവപ്പെടാം.
കുഞ്ഞുങ്ങളുടെ തലച്ചോറും തലയോട്ടിയും പൂർണവളർച്ച എത്താതതും വളരെ മൃദുലവുമാണ്. തലച്ചോറ് തലയോട്ടിയിലേക്ക് പൂർണ്ണമായി ഘടിപ്പിക്കപ്പെട്ടിട്ടില്ല. കഴുത്തിലെ പേശികൾക്കും ശക്തിയില്ല. കുഞ്ഞിനെ കുലുക്കുമ്പോൾ തലച്ചോറിലെ ആന്തരിക കവചത്തിനുള്ളിൽ രക്ത മുഴ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും കണ്ണിലെ രക്തക്കുഴലിന് പൊട്ടലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുണ്ടാകുമ്പോൾ കണ്ണിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുലുക്കുമ്പോൾ കുഞ്ഞിന്റെ തലയോട്ടിയിലെ തലച്ചോർ മുന്നിലേയ്ക്കും പുറകിലേയ്ക്കും നിങ്ങുന്നു. ഇതാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത്തരത്തിൽ സംഭവിക്കുമ്പോൾ പ്രത്യക്ഷത്തിൽ ഒരു ലക്ഷണവും കാണില്ല. പലപ്പോഴും ഇത് മരണത്തിലേക്ക് വരെ എത്തിച്ചേക്കാം. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുക, പെരുമാറ്റ, പഠന വൈകല്യങ്ങൾ, ബുദ്ധിക്കുറവ്, സെറിബ്രൽ പാർസി എന്നിവയെല്ലാം തന്നെ ഇതു കാരണമുണ്ടാകാറുണ്ട്.
Discussion about this post