തിരുവനന്തപുരം: മദ്രസബോർഡുകൾ പിരിച്ചുവിടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിനെതിരെകേരള മുസ്ലീം ജമാഅത്ത് കൗൺസിൽ. രാജ്യത്തെ മദ്രസകൾ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച ദേശീയബാലാവകാശ കമ്മീഷൻ നടപടി ഭരണഘന ന്യൂനപക്ഷങ്ങൾക്ക് നൽകിയ അവകാശങ്ങളുടെ ലംഘനമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എംഎച്ച് ഷാജി പറഞ്ഞു. അതുകൊണ്ട് തന്നെ ദേശീയ ബാലാവകാശ കമ്മീഷൻ പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വ്യക്തമായ കാഴ്പ്പാടോടുകൂടി ഭരണഘടന നൽകുന്ന അവകാശങ്ങൾക്കുള്ളിൽ നിന്ന് നിയതമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് മദ്രസ വിദ്യാഭ്യാസം നടക്കുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനം. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കേരള മുസ്ലീം ജമാഅത്തെ പറയുന്നു.
വടക്കെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കപ്പെടുന്നതും മദ്രസകളിലൂടെയാണ്. ഉത്തർപ്രദേശ്,പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപഠനത്തോടൊപ്പം കണക്ക്, സയൻസ് തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കാറുണ്ട്. ഇതിന് സർക്കാരിന്റെ സഹായവും ലഭിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മദ്രസ ബോർഡുകൾ പിരിച്ചുവിടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ നിർദേശം കേരളത്തെ ബാധിക്കില്ല. കേരളത്തിൽ സർക്കാർ ഫണ്ട് നൽകുന്ന മദ്രസകൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ മദ്രസകളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഗുരുതരമായ ആശങ്കകൾ രേഖപ്പെടുത്തുന്നതായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ട്. രാജ്യത്തെ മദ്രസകൾ നിർത്തണമെന്നും മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും നൽകുന്ന ഫണ്ടിങ്ങുകൾ നിർത്തണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചിരുന്നു.
Discussion about this post