ചെന്നൈ: തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് രജനികാന്ത്. തലൈവർ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. കർണ്ണാടക, തമിഴ്നാട്അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു. ലതയാണ് താരത്തിന്റെ ഭാര്യ. ഐശ്വര്യ രജനികാന്ത് സൗന്ദര്യ രജനികാന്ത് എന്നിങ്ങനെ രണ്ട് പെൺമക്കളും ഇവർക്കുണ്ട്. രണ്ട് പേരും സിനിമയുടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുകയാണ്.
രജനിയുടെയും ലതയുടെയും പ്രണയവിവാഹമായിരുന്നു. ലതയുടെ കോളേജ് കാലത്ത് കോളേജ് മാസികയ്ക്ക് വേണ്ടി രജനികാന്തിനെ അഭിമുഖം നടത്തിയതിൽ നിന്നാണ് ഇരുവരുടെയും പ്രണയം പൊട്ടിമുളയ്ക്കുന്നത്. 1981 ഫെബ്രുവരി 26നായിരുന്നു തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ വച്ച് വിവാഹം.
എന്നാൽ ഇതിന് മുൻപും രജനിയുടെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിരുന്നു. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു അത്. ബംഗളൂരുവിൽ വച്ചാണ് നിർമല എന്ന പെൺകുട്ടിയെ പരിചയപ്പെടുത്തുന്നത്. അന്ന് അദ്ദേഹത്തിന്റെ പേര് ശിവാജി റാവു എന്നാണ്.
അക്കാലത്ത് ബസ്സുകളിൽ പിൻവാതിലിലൂടെ ആൾക്കാരെ കയറ്റുകയും മുൻ വാതിലിലൂടെ ഇറക്കുകയും ചെയ്യും. അതായിരുന്നു പതിവ്. എന്നാൽ ഒരു ദിവസം ഒരു പെൺകുട്ടി മുൻവാതിൽ വഴി കയറാൻ എത്തി. ശിവാജി അവരെ തടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി അവൾ ബസ്സിനുള്ളിൽ കയറി. ആദ്യം വഴക്കിട്ടെങ്കിലും പിന്നീടവർക്കിടയിൽ പ്രണയമായി മാറി. അന്ന് എംബിബിഎസിന് പഠിച്ചിരുന്ന അവളുടെ പേര് നിർമല എന്നായിരുന്നു. ശിവാജി അവരെ നിമ്മി എന്ന് വിളിച്ചു. ശിവാജി എന്ന രജനി അഭിനേതാവായി കാണാനും നിമ്മി ആഗ്രഹിച്ചു.ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റ്യൂട്ടിലേക്ക് ശിവാജി അറിയാതെ അപേക്ഷ അയച്ചതും നിമ്മിയായിരുന്നു. രജനികാന്ത് അഭിനയത്തിൽ തിരക്കിലായ ശേഷമുള്ള ആദ്യ നാളുകളിൽ നിമ്മിയുടെ കത്തുകൾ ലഭിച്ചെങ്കിലും പിന്നീട് ബന്ധമില്ലാതായി.പിന്നീട് നിമ്മിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അവർ താമസിച്ചിരുന്ന സ്ഥലം തേടി ചെന്നപ്പോഴാണ് നിമ്മിയും കുടുംബവും അവിടെ നിന്നും താമസം മാറിയെന്ന് അറിയുന്നത്. ഇന്നും നിമ്മി എവിടെയെന്ന് സൂപ്പർതാരത്തിന് അറിയില്ല. മറനീക്കി അവരും ഇതുവെ വന്നിട്ടില്ല.
Discussion about this post