മുംബൈ: ഉത്സവ സീസണുകൾ അടുക്കുമ്പോൾ ഉപയോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുകളുമായി എത്താൻ അംബാനിയുടെ റിലയൻസ് ഒരിക്കലും മറക്കാറില്ല. ഇത്തവണത്തെ ദീപാവലിക്ക് പതിവ് തെറ്റിക്കാതെ ഉപയോക്താക്കളുടെ കണ്ണ് തള്ളിക്കുന്ന സമ്മാനവുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഇത്തവണ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമാണ് മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം ലഭിക്കുക.
സാധാരണക്കാർക്ക് പോലും താങ്ങാനാവുന്ന വിലക്ക് ഒരു ലാപ്‌ടോപ്പ്, അതും ഒരു 5ജി ഫോണിനേക്കാൾ വിലക്കുറവിൽ, അതാണ് ഇത്തവണത്തെ അംബാനിയുടെ ദീപാവലി സമ്മാനം. റിലയൻസ് ഈയടുത്ത് പുറത്തിറക്കിയ ജിയോ ബുക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജിയോ ബുക്ക് അവതരിപ്പിച്ച സമയം തന്നെ വിലക്കുറവ് കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഓഫർ കൊണ്ടും ജിയോ ബുക്കിന് വൻ ഡിമാൻഡ് കൈവന്നിരിക്കുകയാണ്.
ദീപാവലി സമയത്ത് ആമസോൺ, റിലയൻസ് ഡിജിറ്റൽ എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് റിലയൻസ് ബുക്ക് ഓഫർ കൊണ്ട് ഞെട്ടിച്ചിരിക്കുന്നത്. വിലക്കുറവിനൊപ്പം മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ആജീവനാന്തമായ സൗജന്യ ആക്‌സസും ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച ഓഫറായിരിക്കും.
16,499 രൂപയ്ക്കാണ് ജിയോ ബുക്ക് വിപണികളിൽ അവതരിപ്പിച്ചത്. ദീപാവലി ഓഫറിന്റെ ഭാഗമായി വെറും 12,890 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 64 ജിബി സ്‌റ്റോറേജും 4 ജിബി റാമും ഉള്ള മോഡലാണ് ജിയോ ബുക്ക്. ആകർഷകമായ ഇഎംഐ സംവിധാനങ്ങളും ജിയോ ബുക്കിനായി വാഗ്ധാനം ചെയ്യുന്നു.
4ജി മൊബൈൽ നെറ്റ്‌വർക്ക് കണക്ടിവിറ്റിയെ പിന്തുണക്കുന്ന ജിയോ ബുക്ക് 11 എന്ന മോഡലിൽ മീഡിയടെക് 8788 പ്രൊസസർ ആണ് ഉപയോഗിച്ചിട്ടുള്ളത്. ആൻഡ്രോയിഡ് അധിഷ്ഠിതമായി റിലയൻസ് തന്നെ വിപുലീകരിച്ച ജിയോ ഒഎസിൽ ആണ് പ്രവർത്തനം.
11.6 ഇഞ്ച് ഡിസ്‌പ്ലേ ആണ് ജിയോ ബുക്കിന്റേത്. 990 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. എട്ട് മണിക്കൂർ ശരാശരി ബാറ്ററിയും ലഭ്യമാക്കുന്ന ലാപ്‌ടോപ്പിന് 12 മാസത്തെ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്.
Discussion about this post