ഒരിക്കലെങ്കിലും പ്രേമിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയത്തിൽ നിന്നും നല്ല ഉഗ്രൻ തേപ്പ് കിട്ടിയവരും നഷ്ടപ്രണയമുണ്ടായിട്ടുള്ളവരും ഇപ്പോഴും പ്രേമിച്ച് നടക്കുന്നവരുമൊക്കെ നമുക്കിടയിൽ കാണും. ഇന്നത്തെ കാലത്ത് തേപ്പ് കിട്ടിയാൽ, പോട്ടെയെന്ന് വിചാരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടെങ്കിലും അത് താങ്ങാനാവാതെ പോവുന്നവരും ഉണ്ട്. ചതിയാണെന്ന് അൽപ്പം മുമ്പ് അറിഞ്ഞെങ്കിലെന്ന് പലരും ചിന്തിക്കാറുണ്ട്. സംശയരോഗം മൂത്ത് നടക്കുന്നവരും നമുക്കിടയിലുണ്ട്.
ഈ പ്രണയിച്ചു നടക്കുന്നവർ, എന്റെ പങ്കാളി ചതിക്കുകയാണോ എന്ന സംശയവും വച്ച് ജീവിതകാലം മുഴുവൻ ഇനി നടക്കേണ്ട ആവശ്യമില്ല. 4000 രൂപ മുടക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങളുടെ പങ്കാളിയുടെ വിശ്വാസ്യത വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പങ്കാളിയുടെ വിശ്വാസ്യത പരിശോധിക്കാൻ ഇപ്പോൾ പ്രൊഫഷണൽ ‘ചെക്കർ’മാരുണ്ട്. അത്തരത്തിലുള്ള ഒരു പ്രൊഫഷണൽ ചെക്കറാണ് സവന്ന ഹാരിസൺ. കുമുകനാൽ വഞ്ചിക്കപ്പെട്ട ഒരാളാണ് ഇരുപത്തിയേഴുകാരിയായ സവന്ന.
എന്നാൽ, മറ്റുള്ളവരുടെ പോലെ, കാമുകൻ വഞ്ചിച്ചത് തിരിച്ചറിഞ്ഞപ്പോൾ, സവന്ന തകർന്നു പോവുകയല്ല, ചെയ്യുക. മറിച്ച് പ്രണയത്തിലെ ചതിയിലെ മറ്റൊരു സാധ്യതയാണ് അവർ നോക്കിയത്. ‘ലാസോ’ എന്നറിയപ്പെടുന്ന ലോയൽറ്റി ടെസ്റ്റിംഗ് സേവനത്തിന്റെ ഭാഗമാണ് സവന്ന. കാലിഫോർണിയയിലെ ഐലാഷ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് സവന്ന. ജോലിയോടൊപ്പം തന്നെയാണ് അവർ ഇതും മുന്നോട്ടു കൊണ്ടുപോവുന്നത്.
ബ്രേക്ക് അപ്പ് നൽകുന്ന വേദനകൾ എത്രയാണെന്ന് തനിക്ക് മനസിലാവുമെന്ന് സവന്ന പറയുന്നു. അതുകൊണ്ട് തന്നെ മറ്റ് സ്ത്രീകളെയും ഇത്തരം ടോക്‌സിക് റിലേഷൻഷിപ്പുകളിൽ നിന്നും രക്ഷിക്കുകയാണ് തന്റെ ലക്ഷ്യം. വഞ്ചകരായ കാമുകന്മാരെയോ പങ്കാളികളെയോ സോഷ്യൽ മീഡിയ ഉപയോഗിച്ച് തുറന്നുകാട്ടുകയാണ് യുവതിയുടെ രീതി. തന്റെ പങ്കാളിയുടെ വിശ്വാസ്യതയെ കുറിച്ച് അറിയാൻ നിരവധി പേരാണ് സവന്നയെ തേടിയെത്തുന്നത്. ഓരോ മാസവും നിരവധി ലോയൽറ്റി ടെസ്റ്റുകളാണ് താൻ ചെയ്യുന്നതെന്നും ഇവർ പറയുന്നു.
പങ്കാളിയെ കുറിച്ചോ കാമുകനെ കുറിച്ചോ സംശയമുള്ളവരാണ് ഇത്തരത്തിൽ പ്രൊഫഷണൽ ചെക്കർമാരെ സമീപിക്കുന്നത്. ഒരു ദൗത്യം ഏറ്റെടുത്തു കഴിഞ്ഞാൽ, ക്ലയിന്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചെക്കർമാർ ക്ലയിന്റുകളുടെ പങ്കാളികളെ സമീപിക്കും. ഒരു തരത്തിൽ ഒരു ഡിറ്റക്ടീവ് ജോലി തന്നെയാണ് ഇതും. ക്യയിന്റിന്റെ കാമുകൻ അല്ലെങ്കിൽ പങ്കാളി അവരുടെ ഒഴിവ് സമയങ്ങൾ എവിടെ ചിലവഴിക്കുന്നു എന്ന് അന്വേഷിക്കും. പിന്നീട് വിവിധ രീതികൾ ഉപയോഗിച്ച് ഇവരെ പരിചയപ്പെടും. എന്താണ് ഇവരുടെ പ്രതികരണമെന്ന് നിരീക്ഷിക്കും. ഏകദേശം അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതാണ് ലോയൽറ്റി ടെസ്റ്റുകൾ. ഇതിനിടെ കാമുകനെ കാണാനും ശ്രമിക്കും. തുടർന്നുള്ള എല്ലാ വിവരങ്ങളും പങ്കാളിയോട് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകളും ക്ലയിന്റിന് കൈമാറും.
ഇതിന് പ്രത്യേകം നിരക്കുകളും ഉണ്ട്. ചെക്കർമാർക്കിടയിൽ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി 4,198 രൂപ മുതൽ 8000 ഓളം രൂപ വരെയാണ് ചെക്കർമാർ ഈടാക്കുന്നത്. ലോയൽറ്റി ടെസ്റ്റിൽ നിന്നും പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപവരെ സമ്പാദിക്കുന്ന ചെക്കർമാർ നിലവിൽ ഈ മേഖലയിലുണ്ട്.
Discussion about this post