കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബു ജീവിതത്തിൽ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ബന്ധു. നവീനെ അഴിമതിക്കാരൻ എന്ന് മുദ്ര കുത്താൻ ശ്രമിക്കുകയാണ് ചെയ്തത് . സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ആളല്ല നവീൻ എന്ന് അമ്മാവൻ പറഞ്ഞു.
ആര് സഹായം ചോദിച്ചാലും ചെയ്യാൻ കഴിയുന്നതെല്ലാം നവീൻ ചെയ്ത് നൽകും. നാട്ടിൽ പോകണമെന്ന ആഗ്രഹം നവീന് ഉണ്ടായിരുന്നു. കണ്ണൂരിൽ എല്ലാവരുടെയും ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നവീന് മാത്രം കിട്ടിയില്ല. എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് പറയുന്നത്. നവീൻ നല്ല ഉദ്യോഗസ്ഥനായതിനാലാണ് വിടാൻ മടിക്കുന്നതെന്നായിരുന്നു ലഭിച്ച മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഭാര്യയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നവീനെ കൂട്ടിക്കൊണ്ടു വരാൻ പോയിരുന്നു. എന്നാൽ, ട്രെയിനിൽ നവീൻ ഉണ്ടായിരുന്നില്ല. കുറെ നേരം കാത്തുനിന്നിട്ടും വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കണ്ണൂരിൽ നിന്ന് പോന്നിട്ടില്ലെന്ന് അറിഞ്ഞത് എന്ന് നവീന്റെ അമ്മാവൻ പറഞ്ഞു.
ഏറെനാളായി ആഗ്രഹിച്ച് നാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റത്തിന്റെ സന്തോഷത്തിലായിരുന്നു നവീൻ ബാബു. വിരമിക്കാൻ ഏഴ്മാസം മാത്രമാണ് ബാക്കി. സർവ്വീസിന്റെ അവസാന നാളുകൾ കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിച്ചായിരുന്നു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. ഇന്ന് പത്തനംതിട്ടയിൽ എത്തേണ്ടിയിരുന്നതാണ്. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിച്ചതിന് പിന്നാലെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നവീൻ ബാബുവിനെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Discussion about this post