പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ഓരോതതരം പ്രത്യേകതകളുള്ളവയാണ്. അത്തരത്തിൽ കൗതുകകരമായ നിരവധി പ്രത്യേകതകളുള്ളവയാണ് പക്ഷികൾ. എന്നാൽ, ജിവിതരീതിയിലെ വിചിത്രസ്വഭാവം കൊണ്ട് വേറിട്ട് നിൽക്കുന്നവരാണ് മാഗ്‌പേ പക്ഷികൾ. സാധാരണ പക്ഷികളിൽ നിന്നും ഏറെ വ്യത്യാസപ്പെട്ട് നിൽക്കുന്ന മാഗ്‌പേകൾ, ബുദ്ധിയിലും പ്രായോഗിക കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്നവരാണ്.
മനുഷ്യരോട് അടുപ്പം പുലർത്താൻ വലിയ താത്പര്യം കാണിക്കാത്തവരാണ് മാഗ്‌പേ പക്ഷികൾ. വേണ്ടി വന്നാൽ, മനുഷ്യരെ കണ്ണ് കൊത്തിപ്പറിക്കാനും ഇവർക്ക് വലിയ മടിയൊന്നുമില്ല. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ഒരു യുവതിയുടെ കണ്ണിന് ഈ മാഗ്‌പേ പക്ഷിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ, ഇവയിൽ ഏറ്റവും അപകടകാരികളായ മാഗ്‌പേകൾ ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന ഇനങ്ങളാണ്. കണ്ണുകൾ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നവയാണ് ഇവ. മനുഷ്യന്റെ കൃഷ്ണമണി ലക്ഷ്യം വച്ചാണ് ഇവ ആക്രമണം നടത്തുക. ശബ്ദമനുകരിക്കാനും കണ്ണിൽ പെടുന്ന വസ്തുക്കളെ പ്രായോഗികമായി ഉപയോഗിക്കാനുമുള്ള കഴിവും മാഗ്‌പേ പക്ഷികൾക്കുണ്ട്.
ഇവ ആക്രമണം നടത്തുന്നതിന്റെ വീഡിയോകളെല്ലാം പലപ്പോഴും പ്രചരിക്കാറുണ്ട്. പ്രജനന കാലത്താണ് ഇവ മനുഷ്യനെ ഏറ്റവും കൂടുതൽ ആക്രമിക്കുക. ആഗസ്റ്റ് മുതൽ ഒക്‌ടോബർ വരെയുള്ള മാസങ്ങളാണ് മാഗ്‌പേ പക്ഷികളുടെ പ്രജനനകാലം. ഈ സമയത്ത് കൂടിനും കുഞ്ഞുങ്ങൾക്കും ഭീഷണിയുണ്ടാകുമെന്ന തോന്നലാണ് ഇവർ പ്രകോപിതരാവാനുള്ള കാരണം. ആൺപക്ഷികളാണ് പ്രധാനമായും മനുഷ്യരെ ആക്രമിക്കുന്നത്.
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ആക്രമണം നടത്തി പറന്നു പോവുകയാണ് ഇവയുടെ രീതി. ഈ പക്ഷികളെ കണ്ട് പേടിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്താലും ഇവ പ്രകോപിതരാകുകയും ആക്രമിക്കുകയും ചെയ്യും. മാഗ്‌പേ പക്ഷികളെ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളിൽ നിന്നും മാറി നടക്കുകയാണ് നല്ലത്. ഇവരുടെ ആവാസവ്യവസ്ഥയിലൂടെ നടന്നാൽ, ഇവയുടെ ആക്രമണത്തിന് ഇരയാവാൻ സാധ്യത വളരെ കൂടുതലാണ്. ഇവയിൽ നിന്നും സൺഗ്ലാസുകൾ ധരിക്കുന്നതാണ് നല്ലത്. ഒരുതവണ ഉന്നമിട്ട മനുഷ്യരെ ഓർത്തുവക്കാനും പിന്നീട് വീണ്ടും ആക്രമിക്കാനും സാധ്യത കൂടുതലാണ്. ഒരിക്കൽ ആക്രമിച്ചയാളെ വീണ്ടും ആക്രമിക്കാനും സാധ്യത കൂടുതലാണ്.
Discussion about this post