കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാനുള്ള ദിവ്യയുടെ ശ്രമം കൃത്യമായ തിരക്കഥയുടെ ഭാഗം. സ്ഥലം മാറ്റത്തെ തുടർന്നുള്ള യാത്രയയപ്പ് ആയതിനാൽ തന്നെ കളക്ടറേറ്റിലെ റവന്യൂ ജീവനക്കാർക്ക് മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. പൊതുപരിപാടിയായതിനാൽ തന്നെ മാദ്ധ്യമപ്രവർത്തകരെയോ പിആർഡി ജീവനക്കാരെയോ ചടങ്ങിലേക്ക് വിളിച്ചിരുന്നില്ല. എന്നാൽ, ക്ഷണമില്ലാതെ തന്നെ ചടങ്ങ് നടക്കുന്നിടത്തേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കയറിച്ചെല്ലുകയായിരുന്നു.
ദിവ്യ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ഒരു വീഡിയോഗ്രാഫർ സ്ഥലത്ത് എത്തിയിരുന്നു. ഇയാൾ ദിവ്യ വരുന്നത് കാത്തിരുന്നു. ദിവ്യ വന്നതിന് ശേഷം നവീൻ ബാബുവിന് നേരെ നടത്തിയ ആറ് മനിറ്റ് നീണ്ടു നിന്ന അപകീർത്തികരമായ പ്രസംഗവും അവർ സ്ഥലത്ത് നിന്നും ഇറങ്ങിപോവുന്നതും പൂർണമായും ഈ വീഡിയോഗ്രാഫർ ചിത്രീകരിച്ചു. തുടർന്ന് ഈ വീഡിയോ കൃത്യമായി പ്രചരിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. അതിനായി രാത്രി തന്നെ ഇത് മാദ്ധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭ്യമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ മുഴുവൻ ഈ വീഡിയോ പ്രചരിക്കുകയും മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. നവീൻ ബാബുവിനെ അപമാനിക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള ഗൂഡമായ തിരക്കഥയുടെ ഭാഗമായിരുന്നു ഇതെന്ന് ഇക്കാര്യങ്ങളിൽ നിന്നും വ്യക്തമാണ്.
അതേസമയം, സംഭവം നടന്ന് ഈ നിമിഷം വരെയും ദിവ്യ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പ്രതികരിക്കാനും ദിവ്യ തയ്യാറായിട്ടില്ല. ദിവ്യയുടെ പരാമർശങ്ങളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെയുള്ള ദിവ്യയുടെ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുരെവന്ന് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണെന്നും സിപിഎം ആവശ്യപ്പെട്ടു.
Discussion about this post