തിരുവനന്തപുരം : പൊള്ളലേറ്റ് എത്തിയ യുവാവിന് ചികിത്സ ലഭിക്കാതെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ തറയിൽ കിടക്കേണ്ടി വന്നത് അരമണിക്കൂറോളം. കാച്ചാണി തറട്ട സ്വദേശി ബൈജുവിനാണ് ചികിത്സ കിട്ടാതിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം.
വേദനകൊണ്ട് നിലവിളിക്കുന്ന ഇയാളെ നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്നാണ് അന്ത്യാഹിത വിഭാഗത്തിലേക്ക് അധികൃതർ മാറ്റിയത്. മണിക്കൂറുകൾ കഴിഞ്ഞാണ് ഇയാൾക്ക് ചികിത്സ നൽകിയത് എന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂജപ്പുര മഹിളാ മന്ദിരത്തിൽ അന്തേവാസിയായ ഭാര്യയെ കാണണമെന്ന് അവശ്യപ്പെട്ട് മക്കൾക്കൊപ്പമെത്തിയതായിരുന്നു ബൈജു. എന്നാൽ ഭാര്യ അവിടെയില്ലെന്ന് പറഞ്ഞ് മടക്കി അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് ബൈജു തീ കൊളുത്തിയത്.
തീ ആളിപ്പടർന്നതോടെ ഇയാൾ നിലവിളിച്ചുകൊണ്ട് റോഡിലേക്ക് ഓടി. അഗ്നിശമനാസേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൂജപ്പുര സ്റ്റേഷനിലെ സി.പി.ഒ. അഭിലാഷിനും പൊള്ളലേറ്റു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Discussion about this post