ടെൽ അവീവ്: ഹമാസ് ഭീകരൻ യാഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ യാഹ്യ സിൻവറെ ഉൾപ്പെടെ മൂന്ന് ഭീകരരെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ഹമാസ് തലവനാണെന്ന് തന്നെയാണ് സംശയിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മൂന്ന് പേരെയും തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചതായാണ് പ്രസ്താവനയിൽ പറയുന്നത്. ഭീകരർ കൊല്ലപ്പെട്ട കെട്ടിടങ്ങളിൽ ബന്ദികളുടെ സാന്നിധ്യം ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻമാരിലൊരാളാണ് യഹ്യ സിൻവർ. ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ് ഇയാൾ. 1989ൽ രണ്ട് ഇസ്രായേൽ സൈനികരെയും ഇസ്രായേൽ സൈന്യത്തിന് സഹായങ്ങൾ ചെയ്തിരുന്ന രണ്ട് പലസ്തീൻ സ്വദേശികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് യാഹ്യ സിൻവർ ആയിരുന്നു. ഈ സംഭവത്തിൽ ഇസ്രായേൽ സിൻവറിനെ പിടികൂടുകയും നാല് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒടുവിൽ 22 വർഷം ശിക്ഷ അനുഭവിച്ച ശേഷം 2011ൽ ഇയാൾ മോചിതനായി.
നേരത്തെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന സിൻവർ ജീവിച്ചിരിപ്പുണ്ടെന്ന സൂചനകൾ അടുത്തിയൊണ് പുറത്തുവന്നത്. ചില പാലസ്തീൻ ഉദ്യോഗസ്ഥരും മിഡിൽ ഈസ്റ്റ് ഔദ്യോഗിക വക്താക്കളും ഇയാളെ കാണാൻ ചെന്നിരുന്നതായും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ഇസ്രായേലിൽ ഒക്‌ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ തനിക്ക് തരിമ്പും പശ്ചാത്താപമില്ലെന്നും തന്നെ കാണാനെത്തിയവരോട് സിൻവർ പറഞ്ഞിരുന്നു. സായുധ ആക്രമണങ്ങളിലൂടെ മാത്രമേ പാലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രം സാധ്യമാകൂ എന്നാണ് സിൻവറിന്റെ കാഴ്ച്ചപ്പാടെന്നും ഇവർ പറയുന്നു.
സെപ്തംബർ 21-ന് ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ യഹിയ സിൻവാർ കൊല്ലപ്പെട്ടതായാണ് കരുതിയിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യഹിയയെ കുറിച്ചും ഈ ആക്രമണത്തിന് ശേഷം വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് ഇയാൾ കൊല്ലപ്പെട്ടതായി ലോകം മുഴുവൻ കണക്കാക്കാൻ കാരണവും. എന്നാൽ, ഈ അനുമാനങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ടാണ് യഹിയ ജീവിച്ചിരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post