കെ പി സുകുമാരന്‍
വീടൊക്കെ പെയിന്റിങ്ങ് ചെയ്യിച്ച് സുന്ദരമാക്കി നാട്ടിൽ വിശ്രമിക്കുകയാണ് ഞാൻ. ഇവിടെ ഈ വരാന്തയിൽ വെറുതെ ഇങ്ങനെ ഇരിക്കാൻ ഒരു രസം. അതുകൊണ്ടാണ് ഒന്നും എഴുതാതത്. എന്ത് പറ്റി, സുഖമല്ലേ, എഫ് ബി യിൽ കാണുന്നില്ലല്ലോ എന്ന് പല സുഹൃത്തുക്കളും ഇൻബോക്സിലും വാട്ട്സ്‌ആപ്പിലും ചോദിക്കുന്നുണ്ട്. ജീവിതത്തിന്റെ അവസാനത്തെ അധ്യായമാണ് ഇനിയെനിക്ക് എഴുതാനുള്ളത്. എഴുപത്തിയഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ ജീവിതത്തെ പറ്റി എനിക്ക് പൂർണ്ണതൃപ്തിയാണുള്ളത്.
നാടുകൾ കാണാനും അറിവുകൾ സമ്പാദിക്കാനും കള്ളവണ്ടി കയറി തെണ്ടി നടന്നുകൊണ്ടാണ് ജീവിതം ആരംഭിക്കുന്നത്. ഇന്നിപ്പോൾ ഇവിടെ വിശ്രമിക്കുമ്പോൾ ഒരുപാട് കാലം ഒരുപാട് ജീവിതങ്ങൾ ജീവിച്ചത് പോലെയാണ് തോന്നുന്നത്. ഈ യാത്രയിലുടനീളം ജീവിതത്തിന്റെ അർത്ഥം അന്വേഷിക്കാനും , സഹജീവികളായ മനുഷ്യരെ നിരീക്ഷിക്കാനും ഒത്തിരിയൊത്തൊരി ആളുകളെ പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. മനസ്സിനെ ഒരിക്കലും കറപ്റ്റഡ് ആക്കിയിട്ടില്ല. ആരെയും വഞ്ചിച്ചില്ല, കണ്ടുമുട്ടിയ എല്ലാവരെയും നിരുപാധികം സ്നേഹിച്ചു. അതുകൊണ്ടാണ് ഇന്ന് ഈ തൃപ്തി ഞാൻ അനുഭവിക്കുന്നത്.
എന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ എല്ലാവരോടും സംസാരിക്കാറും എഴുതാറും ഉണ്ട്. രഹസ്യങ്ങൾ സൂക്ഷിക്കാൻ എനിക്ക് കഴിയാറില്ല. ജീവിതത്തെ വളരെ സിമ്പിൾ ആയിട്ടാണ് ഞാൻ കാണുന്നത്. ഇന്നലെ ജനിച്ചു, ഇന്ന് ജീവിയ്ക്കുന്നു, നാളെ ഏത് നിമിഷവും ഇവിടെ നിന്ന് വിട്ടു പോയേക്കാം. ഇത്രയും അനിശ്ചിതമായ ജീവിതത്തിൽ എന്തിന് സ്വകാര്യതകൾ സൂക്ഷിക്കണം എന്നാണ് വിചാരിക്കാറുള്ളത്. ഞാൻ എന്നാൽ ഒരു സംഭവമേയല്ല. ഒരു നീർക്കുമിള പോലെ ക്ഷണികം. വരുന്നതൊക്കെ ഒരു പരിഭവവും ഇല്ലാതെ നേരിടുന്നു. എനിക്ക് അവകാശപ്പെട്ടതൊന്നും ഈ ഭൂമിയിൽ ഇല്ല. ജീവിച്ചിരിക്കുന്നത് മാത്രമാണ് ലാഭം. നഷ്ടങ്ങൾ ഒന്നുമില്ല.
എനിക്ക് എന്റെ പേരും മനുഷ്യൻ എന്ന ഐഡന്റിറ്റിയും മാത്രമാണ് സ്വന്തം. അതും ജീച്ചിരിക്കുന്നത് വരെ മാത്രം. ജനിക്കുന്നതിന് മുൻപും മരണത്തിന് ശേഷവും ഞാൻ എന്ന പ്രതിഭാസം ഇല്ല. താൽക്കാലികമായൊരു ഐഡന്റിയാണ് എന്റേത്. അതുകൊണ്ട് ഞാൻ ഒന്നിനും കാത്തിരിക്കാറില്ല. വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും കഴിവിന്റെ പരിമിതിയിൽ നിന്നുകൊണ്ട് നാളേക്ക് നീട്ടിവെക്കാതെ നടപ്പാക്കും. അതുകൊണ്ട് ഉദ്ദേശിച്ചതൊക്കെ പൂർത്തിയാക്കി മിച്ചമായ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ എഴുതിക്കൊണ്ടിരുന്നത്. പൊതുബോധങ്ങളുടെ അവാസ്തവികതകളിൽ ധാർമികരോഷം ഉള്ളതാണ് എഴുതാൻ പ്രേരണ. ഓരോ മനുഷ്യനും വ്യത്യസ്തമായാണ് ചിന്തിക്കുന്നത്. സമൂഹത്തിലെ സംഘർഷങ്ങൾക്ക് അതാണ് കാരണം. ഈ സംഘർഷങ്ങൾ സമൂഹജീവിതത്തിന്റെ അനിവാര്യതയാണ്.
എന്റെ അന്വേഷണത്തിൽ ജീവിതത്തിന് ഒരു അർത്ഥവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനിച്ചത് കൊണ്ട് ജീവിയ്ക്കുന്നു, ജീവിയ്ക്കാൻ പോരാടുന്നു, അത്രയേയുള്ളൂ. മരണം ഒരു ജീവിതത്തെ എല്ലാ അർത്ഥത്തിലും റദ്ദ് ചെയ്യുന്നു എന്നാണ് ഞാൻ കരുതുന്നത്. എങ്കിലും പക്ഷെ ഈ ജീവിതം മനോഹരമാണ്. ചിന്തകളിൽ, വിചാരങ്ങളിൽ ഏകദേശ ഐക്യം ആളുകൾ തമ്മിൽ ഉണ്ടായിരുന്നെങ്കിൽ ഇതിനക്കാളും എത്രയോ സുന്ദരവും ആഘോഷപൂരിതവുമാക്കാൻ കഴിയുമായിരുന്നു ഓരോരുത്തരുടെയും ജീവിതം. അത് കഴിയാതെ പോകുന്നത് എല്ലാ മനുഷ്യരുടെയും വലിയ നഷ്ടങ്ങളാണ്.
വിശ്വാസങ്ങളാണ് മനുഷ്യരെ വിഭജിക്കുന്നതും ശത്രുക്കളാക്കുന്നതും. വിശ്വാസങ്ങൾ അവനവന്റെ തലച്ചോറ് തന്നെ അവനവനെ ചതിക്കുന്നതാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കാലഹരണപ്പെട്ട എത്രയോ വിശ്വാസങ്ങൾ ശാശ്വത സത്യങ്ങൾ പോലെ ആളുകൾ ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നാറുണ്ട്. ലോകത്ത് ഇന്ന് കാണുന്ന എല്ലാ സംഘർഷങ്ങൾക്കും അടിസ്ഥാന കാരണം വിശ്വാസ വൈരുദ്ധ്യങ്ങളാണ്. സ്വന്തം വിശ്വാസങ്ങളെ ഒരു പരിശോധനയ്ക്ക് വിധേയമാക്കാൻ ആർക്കും കഴിയുന്നില്ല. ഇത് സ്വന്തം ജീവിതത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ അനവധിയാണ്. ഫലം നിത്യമായ അശാന്തിയും അസമാധാനവും. ഇതിനൊന്നും ഒരു പരിഹാരവും പോംവഴിയും ഇല്ല. ഇടക്കൊക്കെ എല്ലാവർക്കും കൊച്ചു കൊച്ചു സന്തോഷങ്ങൾ കിട്ടുന്നുണ്ടല്ലോ എന്നാണ് ഞാൻ സമാധാനിക്കുന്നത്. ജീവിതത്തെ ഉത്സവമാക്കാൻ കഴിയുമായിരുന്ന അവസരങ്ങൾ എല്ലാവർക്കും മിസ്സാകുന്നല്ലോ എന്ന് ഞാൻ സ്വകാര്യമായി സങ്കടപ്പെടുന്നു.
വെറും മനുഷ്യൻ ആയത് കൊണ്ട് എനിക്ക് ഒരു സംഘടനയിലും ചേരാൻ കഴിഞ്ഞിട്ടില്ല. അഥവാ ചേർന്നാലും എനിക്കവിടെ തുടരാൻ കഴിയാറില്ല. കാരണം ഓരോ സംഘടനയിലും ഉള്ളവർക്ക് അതാത് സംഘടനയോട് ഒരു മാതിരി ഭ്രാന്തമായ അറ്റാച്ച്മെന്റ് ആണുള്ളത്. എനിക്ക് പക്ഷെ അറ്റാച്ച്മെന്റ് മനുഷ്യരോടാണ്. സംഘടനകളെ മനുഷ്യർക്ക് വേണ്ടിയുള്ള ഉപകരണം ആയിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ട് ഉപകരണങ്ങളോട് എനിക്ക് അറ്റാച്ച്മെന്റ് തോന്നാറില്ല. മനുഷ്യരെ മനുഷ്യരായി കാണണം. സംഘടനകളുടെ പേരിൽ മനുഷ്യരെ പ്രത്യേകം പ്രത്യേകമായി ബ്രാൻഡ് ചെയ്യുന്ന രീതിയും മനോഭാവവും എനിക്ക് ഉൾക്കൊള്ളാൻ കഴിയാറില്ല. ഭൂമി എല്ലാവർക്കും വാടകയ്ക്ക് കിട്ടുന്ന വാസസ്ഥലമല്ലേ എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. അപ്പോൾ എല്ലാവരും ഒരുപോലെയല്ലേ പിന്നെന്തിന് തമ്മിൽ തമ്മിൽ ഈ വിഭജന ചിന്തയും വെറുപ്പും എന്ന് ഞാൻ ചിന്തിക്കും.
ഏതായാലും ഇത് വരെ പല സംഘടനകളുടെയും ഓരം ചേർന്ന് സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഈ വൈകിയ വേളയിൽ ആദ്യമായി ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. അത് ബി.ജെ.പി.യിൽ ആണ്. ഒരു അംഗം കൂടി എന്ന് കരുതിയാൽ മതി, മറ്റൊന്നിനും എനിക്ക് ആരോഗ്യം ഇല്ല എന്ന് എന്നെ അംഗമായി ചേർത്ത പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഫിലോസഫി എന്തായാലും ജീവിയ്ക്കുന്ന സാമൂഹ്യയാഥാർത്ഥ്യം അവഗണിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടാണ് അങ്ങോട്ട് ആവശ്യപ്പെട്ട് ബി.ജെ.പി.യിൽ അംഗത്വം എടുത്തത്. ഇനി ഞാൻ ഈ കുറിപ്പിന് വിരാമം ഇടട്ടെ. സമയം ലഭിക്കുന്നത് വരെ നിങ്ങളോടൊപ്പം ഞാനും ഈ എഫ് ബി യിൽ ഉണ്ടാകും. എല്ലാർക്കും സ്നേഹവും ആശംസകളും ……
Discussion about this post