മാതളനാരങ്ങ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഈ പഴത്തിന് ഭംഗിയുള്ള രൂപവും നല്ല രുചിയും മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളും ഉണ്ട്. ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിൻ എ, സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് മാതളനാരങ്ങ. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങ നമ്മൾ പഴമായും ജ്യൂസ് ആയും സാലഡിൽ ചേർത്തും എല്ലാം കഴിക്കാറുണ്ട്. എന്നാൽ അപ്പോഴൊക്കെ നമ്മൾ വെറുതെ കളയുന്ന ഒന്നാണ് മാതളനാരങ്ങയുടെ തൊലി. എന്നാൽ യഥാർത്ഥത്തിൽ മാതളനാരങ്ങ പോലെ തന്നെ ഏറെ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് മാതളനാരങ്ങയുടെ തൊലിയും. നേരെ കഴിക്കാൻ അരുചി ഉണ്ടാകുന്നതിനാൽ മാതളനാരങ്ങയുടെ തൊലി ചായയുടെ രൂപത്തിലാക്കിയാണ് കഴിക്കേണ്ടത്. ഇങ്ങനെ കഴിക്കുമ്പോൾ രുചി കുറവ് ഒരു പ്രശ്നമാവുകയുമില്ല ശരീരത്തിന് ആവശ്യമുള്ള ഔഷധഗുണങ്ങൾ ലഭിക്കുകയും ചെയ്യും.
പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, ട്രൈറ്റെർപെൻസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങയുടെ തൊലി. പഴങ്ങൾ വാങ്ങിക്കുന്ന സമയത്ത് ഇവയുടെ തൊലി ചെറുതായി അരിഞ്ഞ് ഉണക്കി സൂക്ഷിച്ചാൽ ദീർഘകാലം ഉപയോഗിക്കാൻ ഇതു മതിയാകും. ഇങ്ങനെ ഉണക്കിയെടുക്കുന്ന മാതളനാരങ്ങ തൊലി 10ഗ്രാം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് എടുത്ത് മാതളനാരങ്ങ ചായ തയ്യാറാക്കാം.
ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ മാതളനാരങ്ങ ചായ ആര്‍ത്രൈറ്റിസ്, ഗൗട്ട് എന്നീ രോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ ഏറെ സഹായകരമാണ്. ഇതുകൂടാതെ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകട ഘടകങ്ങൾ കുറയ്ക്കാനും മാതളനാരങ്ങയുടെ തൊലി സഹായിക്കും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കാനും മാതള ചായ സഹായിക്കും എന്നാണ്.
ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും മാന്തളനാരങ്ങ ചായ അമിതമാകാതെ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ദിവസം രണ്ടോ മൂന്നോ തവണ വരെ മാത്രം ഒരു ഗ്ലാസ്സിൽ താഴെ ചായ കുടിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. മാതളനാരങ്ങ ചായ അമിതമായി കഴിച്ചാൽ ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ വയറുവേദന പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ഗുരുതരമായ അലർജി പ്രതിപ്രവർത്തനങ്ങളും ഉണ്ടാകാം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ അല്ലെങ്കിൽ മുലയൂട്ടുന്ന സ്ത്രീകൾ, വയറ്റിലെ അൾസർ ഉള്ള വ്യക്തികൾ, മാതളനാരങ്ങയോട് അലർജിയുള്ളവർ എന്നിവർ ഈ ചായ ഉപയോഗിക്കേണ്ടതില്ല എന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
Discussion about this post