എറണാകുളം: അതിവേഗം നേട്ടത്തിലേക്ക് കുതിച്ച് കൊച്ചി വാട്ടർ മെട്രോ. ഉദ്ഘാടനം കഴിഞ്ഞ ഒന്നര വർഷം പിന്നിടുമ്പോഴേയ്ക്കും 30 ലക്ഷം യാത്രികരാണ് കൊച്ചി വാട്ടാർ മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു വാട്ടർ മെട്രോയുടെ ഉദ്ഘാടനം.
ഏപ്രിൽ മുതലുള്ള 18 മാസക്കാലത്തെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. തുടക്കത്തിൽ രണ്ട് റൂട്ടുകളിൽ ആയിരുന്നു വാട്ടർ മെട്രോയുടെ സർവ്വീസ്. എന്നാൽ യാത്രികരുടെ എണ്ണം വർദ്ധിച്ചതോടെ റൂട്ടുകളുടെ എണ്ണം അഞ്ചാക്കി ഉയർത്തി. 11 ടെർമിനലുകളിലേക്കും വാട്ടർ മെട്രോ സർവ്വീസ് നടത്തുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞുള്ള ഓരോ മാസങ്ങളിലും യാത്രികരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വരും നാളുകളിലും വാട്ടർമെട്രോയെ തേടിയെത്തുന്ന യാത്രികരുടെ എണ്ണം വർദ്ധിക്കും എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ റൂട്ടുകളുടെയും ബോട്ടുകളുടെയും എണ്ണം കൂട്ടാനാണ് തീരുമാനം.
മട്ടാഞ്ചേരി, ചേരാനല്ലൂർ ടെർമിനുകൾ അടുത്ത മാസം അവസാനത്തോടെ പൂർണ സജ്ജമാകും. ആവശ്യപ്പെട്ടത് പ്രകാരം മൂന്ന് ബോട്ടുകൾ കൂടി കൊച്ചി കപ്പൽശാല വാട്ടർമെട്രോയ്ക്ക് നൽകും. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഒരു ബോട്ട് കൂടി കൊച്ചി കപ്പൽശാല നൽകിയിരുന്നു. വാട്ടർമെട്രോയ്ക്കായി പുതിയ 15 ബോട്ടുകൾ കൂടി നിർമ്മിയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. 143 കോടിയോളം രൂപ ചിലവിട്ടാണ് ബോട്ടുകൾ നിർമ്മിയ്ക്കുന്നത്. ആദ്യഘട്ടത്തിൽ 100 സീറ്റ് ബോട്ടുകൾ ഒരെണ്ണത്തിന് 7.6 കോടി രൂപ എന്ന നിരക്കിലാണ് കൊച്ചി കപ്പൽശാല നിർമ്മിയ്ക്കുന്നത്.
Discussion about this post