കറിവേപ്പില ഇല്ലാത്ത കറികൾ അപൂർണമാണ്. എല്ലാ കറികൾക്കും അതിന്റെ യഥാർത്ഥ രുചി ലഭിക്കണമെങ്കിൽ കറുവേപ്പില കൂടിയേ തീരു. വറുക്കുമ്പോഴും പൊരിയ്ക്കുമ്പോഴും കറിവേപ്പില ഇടാറുണ്ട്. നല്ലൊരു ഔഷധ സസ്യം കൂടിയാണ് കറിവേപ്പില.
നാരക കുടുംബത്തിലെ സസ്യമാണ് കറിവേപ്പില. സുഗന്ധവ്യജ്ഞനത്തിന്റെ ഗണത്തിലും ഈ സസ്യം പെടുന്നു. വലിയ ആരോഗ്യഗുണമുള്ള കറിവേപ്പില നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉദരസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ്.
പണ്ട് കാലത്ത് എല്ലാ വീടുകളിലും കറിവേപ്പില ഉണ്ടായിരുന്നു. നല്ല ഗുണവും മണവുമുള്ള ഈ കറിവേപ്പില ഇട്ട കറികൾക്ക് പ്രത്യേക രുചിയാണ് ഉള്ളത്. എന്നാൽ ഇന്ന് വീടുകളിൽ നിന്നും തൊടികളിൽ നിന്നും കറിവേപ്പ് മരങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. വിപണിയിൽ നിന്നും വാങ്ങുന്ന കറിവേപ്പില ആണ് നാം ഇന്ന് ഉപയോഗിക്കാറുള്ളത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും വലിയ രാസവസ്തുക്കൾ അടിച്ചാണ് ഇത് നമ്മുടെ വിപണിയിൽ എത്താറുള്ളത്.
അതുകൊണ്ട് തന്നെ വീടുകളിൽ കറിവേപ്പില കണ്ടാൽ ചിലരെങ്കിലും ആവശ്യത്തിന് പറിച്ച് ഉപയോഗിക്കാനായി കൊണ്ടുവരാറുണ്ട്. എന്നാൽ ഫ്രിഡ്ജിൽവച്ചാൽ പോലും ഒരാഴ്ച കൊണ്ട് തന്നെ കറിവേപ്പില വാടി പോകും. പിന്നീട് വീണ്ടും കടയിൽ നിന്നും വാങ്ങി വേണം ഉപയോഗിക്കാൻ. എന്നാൽ ഈ രീതി പരീക്ഷിച്ചാൽ ഇനി കറിവേപ്പില എത്രനാൾ വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കാം.
ഫ്രിഡ്ജിൽ കവറിൽ കെട്ടിയോ പാത്രത്തിൽ അടച്ചോ അല്ല മറിച്ച് ഫ്രീസറിലെ ഐസ് ട്രേയിൽ ആണ് കറിവേപ്പില സൂക്ഷിക്കേണ്ടത്. ഇത് എങ്ങനെയെന്ന് നോക്കാം. ആദ്യം കറിവേപ്പിലയുടെ ഇല മാത്രമായി തണ്ടിൽ നിന്നും അടർത്തി മാറ്റാം. ശേഷം ഈ ഇലകൾ ഐസ് ട്രേയിൽ ഇട്ട് കൊടുക്കാം. ശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് ഫ്രീസറിൽ വയ്ക്കാം. കുറച്ച് നേരം കഴിയുമ്പോൾ ഇവ ഐസ് ആയിട്ടുണ്ടാകും.
ആവശ്യമുള്ള സമയങ്ങളിൽ ഈ കറിവേപ്പില ഐസ് ക്യൂബ് ഒരു പാത്രത്തിൽ ഇട്ട് വെള്ളം ഒഴിച്ച് അലിയിക്കാം. ഇല പറിച്ചുകൊണ്ട് വന്നപോലെ തന്നെ ഫ്രഷായി ഇരിക്കുന്നത് കാണാം. മണവും അത്‌പോലെ തന്നെ ഉണ്ടാകും. ഈ ഇല കറികളിൽ ഉപയോഗിക്കാം.
Discussion about this post