കൊല്ലം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കുമേൽ കടുത്ത സമ്മർദവും ഭീഷണിയും. കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിശ്ചിത വരുമാനം ഉറപ്പാക്കാൻ ടാർഗറ്റ് തികയ്ക്കാത്ത ഡിപ്പോ അധികൃതർക്കെതിരെയാണ് ഭീഷണി സന്ദേശവുമായി ഉന്നതാധികൃതർ എത്തിയത്.
മര്യാദയ്ക്ക് വണ്ടിയോടിച്ച് പൈസ ഉണ്ടാക്കിക്കോ…. ജീവനക്കാർ വണ്ടിയുമെടുത്ത് ഡീസൽ കത്തിക്കാനല്ല ഇറങ്ങേണ്ടത്. മര്യാദയ്ക്ക് ആളെ വിളിച്ചുകയറ്റി വരുമാനമുണ്ടാക്കണം. 12,000 രൂപ വരുമാനവുമായി എത്താൻ നിങ്ങൾക്ക് നാണമില്ലേ ന്യായികരണം വേണ്ട എന്നാണ് ഡിപ്പോ അധികൃതർക്ക് പത്തനംതിട്ട ഡിടിഒ അയച്ച സന്ദേശം.
റാന്നി ഡിപ്പോയിൽ മൂന്നുലക്ഷം രൂപവരെ കളക്ഷനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് ഒന്നരലക്ഷമായി കുറഞ്ഞു. ഇതിനെ തുടർന്നാണ് ഡി.ടി.ഒ.യുടെ ശബ്ദസന്ദേശം അധികൃതർക്ക് എത്തിയത്. ഈ സന്ദേശം ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
ബസുകൾക്ക് നിശ്ചിത വരുമാനം ഉറപ്പാക്കിയില്ലെങ്കിൽ യൂണിറ്റ് അധികൃതർക്ക് അവധി അനുവദിക്കില്ല. മാത്രമല്ല, കുറവുള്ള വരുമാനം ശമ്പളത്തിൽനിന്നു പിടിക്കുമെന്നും ഭീഷണിയുണ്ട്. കുറവുള്ള വരുമാനം ശമ്പളത്തിൽനിന്നു പിടിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. ശമ്പളംതന്നെ കൃത്യമായി ലഭിക്കാത്ത ജീവനക്കാർക്ക് ഇത് കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. പതിനഞ്ചുവർഷത്തിലേറെ പഴക്കമുള്ള ബസുകൾ സ്വകാര്യ ബസുകളുമായി മത്സരിച്ചോടിച്ച് എങ്ങനെ വരുമാനമുണ്ടാക്കുമെന്നതാണ് ജീവനക്കാരുടെ ആശങ്ക.
Discussion about this post