തൃശ്ശൂർ : പൊത്തിൽ പാമ്പിനെ കണ്ട് തിരഞ്ഞപ്പോൾ കിട്ടിയത് സ്വർണമടങ്ങിയ പേഴ്‌സ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് പാമ്പിനെ പിടികൂടുന്നതിനിടെ പേഴ്‌സ് ലഭിച്ചത്. തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഭവം .
കൊടുങ്ങല്ലൂർ സ്വദേശി നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് കുഞ്ഞുമൂർഖനെ കണ്ടത്. നെഹ്‌റു പാർക്കിന്റെ പ്രവേശനകവാടത്തിന് കുറച്ച് മാറിയാണ് പാമ്പിനെ യുവാവ് കണ്ടത്. ശേഷം പാമ്പ് പൊത്തിൽ കയറി പോവുന്നതും യുവാവ് കണ്ടു. പിന്നീട് നാട്ടുകാർ ചേർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ വനംവകുപ്പ് പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തിൽ തിരയുന്നതിനിടെയാണ് പഴ്സ് കണ്ടത്. നനഞ്ഞുകുതിർന്ന നിലയിലായിരുന്നു.പേഴ്സ്. ആദ്യം പരിശോധിച്ചപ്പോൾ ഒന്നും തന്നെ കിട്ടിയില്ല. പിന്നീട് തുറന്നു നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ സ്വർണ ഏലസ് കണ്ടത്. കൂടാതെ കടവല്ലൂർ സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ്, ആധാർകാർഡ് തുടങ്ങിയ രേഖകളും കിട്ടിയിട്ടുണ്ട്.
Discussion about this post