ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ ഭീകര സംഘടന രൂപീകരിക്കാനുള്ള ലഷ്‌കർ ഇ ത്വയ്ബയുടെ നീക്കത്തിന് ശക്തമായ തിരിച്ചടി നൽകി സുരക്ഷാ സേന. വിവിധയിടങ്ങളിൽ പരിശോധന നടത്തി. തെഹരീക് ലാബൈക് യാ മുസ്ലീം എന്ന പേരിൽ സംഘടന രൂപീകരിക്കാനുള്ള ശ്രമമാണ് തകർത്തത്.
ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടന രൂപികരിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. ശ്രീനഗർ, ബന്ദിപ്പോര, കുൽഗാം, ബുധ്ഗാം, അനന്തനാഗ്, പുൽവാമ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. വിവിധ കേന്ദ്രങ്ങളിൽ നിന്നും പുതിയ ഭീകര സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നതിന്റെ തെളിവുകൾ സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേരെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
വിവിധ ഭാഷാ തൊഴിലാളികളും ഡോക്ടറും കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദി റെസിസ്റ്റന്റ് ഫ്രണ്ട് രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മറ്റൊരു ഭീകര സംഘടന രൂപീകരിക്കാൻ ഇവർ ആസൂത്രണം നടത്തുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്.
Discussion about this post