റായ്പൂർ: ഛത്തീസ്ഗഡിൽ ബിരിയാണി ഒറ്റയ്ക്ക് കഴിച്ച യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. സുരജ്പുർ ജില്ലയിലെ അംബികാപൂരിലാണ് സംഭവം. അംബികാപൂർ സ്വദേശി ജാഗ്‌ദേവ് സാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അമരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു സംഭവം. അമരേഷും ജാഗ്‌ദേവും ഒന്നിച്ചാണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. നവഗഡിലെ വാടക വീട്ടിൽ ആണ് ഇരുവരുടെയും താമസം. സംഭവ ദിവസം രാത്രി ഇരുവരും ബിരിയാണി വാങ്ങിയായിരുന്നു മുറിയിലേക്ക് വന്നത്. വീട്ടിൽ ബിരിയാണി വച്ച ശേഷം അമരേഷ് മദ്യം വാങ്ങാൻ പുറത്തേയ്ക്ക് പോയി. വീട്ടിൽ തിരികെ എത്തിയപ്പോൾ ജാഗ്‌ദേവ് ബിരിയാണി കഴിക്കുകയായിരുന്നു.
തുടർന്ന് ജാഗ്‌ദേവിനൊപ്പം ബിരിയാണി കഴിക്കാൻ അമരേഷും പാത്രമെടുത്തു വന്നു. എന്നാൽ അപ്പോഴേയ്ക്കും മുഴുവൻ ബിരിയാണിയും ജാഗ്‌ദേവ് കഴിച്ച് തീർത്തിരുന്നു. ഇതിൽ പ്രകോപിതനായ അമരേഷ് ജാഗ്‌ദേവിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ ജാഗ്‌ദേവ് തളർന്ന് വീണു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടനെ ജാഗ്‌ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ചികിത്സയിൽ കഴിയുന്നതിനിടെ ജാഗ്‌ദേവ് മരിച്ചു. ഇതിന് പിന്നാലെ അമരേഷ് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇയാൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തിവരികയായിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഇന്നലെയാണ് അമരേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post