പത്തനംതിട്ട: ശബരിമല സീസണിന് മുന്നോടിയായി സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. 300 സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്നാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ലയാൽ വ്യക്തമാക്കുന്നത്.
ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് കോട്ടയം വഴിയും പുനലൂർ വഴിയുമാണ് സർവ്വീസുകൾ ഉണ്ടാകുക. ചെങ്ങന്നൂരിൽ ശബരിമല അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം നിർത്തലാക്കിയ റെയിൽവേ റിസർവേഷൻ കേന്ദ്രം പുനസ്ഥാപിക്കാനും മൂന്ന് കേന്ദ്രങ്ങളിലായി 50 ശൗചാലയങ്ങളൊരുക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിൽ നടന്ന അവലോകന യോഗം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്.. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജർ ഡോ മനീഷ് തപ്ലയാലിനു പുറമെ കൊടിക്കുന്നിൽ സുരേഷ് എംപിയും വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, അയ്യപ്പ സേവാസംഘം, അയ്യപ്പ സേവാസമാജം, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികൾ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
Discussion about this post