എറണാകുളം: മലയാള സിനിമയിൽ ഇപ്പോൾ റി റിലീസുകളുടെ കാലമാണ്. അടുത്തിടെ പ്രേഷകരെ തേടിയെത്തിയ റി റിലീസുകൾ നോക്കിയാൽ അതിൽ ഭൂരിഭാഗവും മോഹൻലാലിന്റെ ചിത്രങ്ങളാണ്. മണിച്ചിത്രത്താഴ്, സ്‌ഫോടികം, ദേവദൂതൻ എന്നീ സിനിമകളാണ് അടുത്തിടെ തിയറ്ററുകളിൽ പ്രേഷകരുടെ മനസ് നിറച്ചത്. ഇതിന് പിന്നാലെ മറ്റ് പല പഴയകാല സിനിമകളും റി റീലിസിന് ഒരുങ്ങുകയാണ്. എന്നാൽ മൂന്ന് ചിത്രങ്ങൾ കൂടി റീമാസ്റ്റർ ചെയ്ത് കാണണം എന്ന് പറയുകയാണ് മോഹൻലാൽ.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫിലിം പ്രിസർവേഷൻ ആന്റ് റിസ്‌റ്റോറേഷൻ വർക്ക് ഷോപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആണ് മോഹൻലാൽ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
‘ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ പരിപാടി സംഘടിപ്പിക്കുകയാണ് എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. സിനിമ എന്ന പൈതൃകത്തെ നാം ദീർഘകാലമായി അവഗണിച്ചു. അതിന്റെ ഫലമായി നമുക്ക് നഷ്ടമായത് ആകട്ടെ നിരവധി നല്ല സിനിമകളും. ഞാൻ അഭിനയിച്ച സിനിമകളുടെ നെഗറ്റീവ് പോലും ഇപ്പോൾ ലഭ്യമല്ല. അതുകൊണ്ട് തന്നെ ഇത്തരം വർക്ക് ഷോപ്പുകൾ സിനിമകളെ സംരക്ഷിക്കാൻ ഗുണം ചെയ്യും. സിനിമയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാൻ ഇത് സഹായിക്കും.
50 വർഷമായി താൻ സിനിമ ചെയ്യുന്നു. 370 ഓളം സിനിമകളുടെ ഭാഗമായി. ഇതിൽ 20 വർഷം മുൻപ് വരെയുള്ള സിനിമകൾ ചിത്രീകരിച്ചത് ഫിലിമിൽ ആണ്. അതുകൊണ്ട് തന്നെ ഫിലിമുകൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വാനപ്രസ്ഥം, കാലാപാനി, വസ്തുഹര എന്നീ ചിത്രങ്ങൾ വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post